ഫോറൻസിക് സർജനില്ല; മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനയച്ചു
text_fieldsഹസീന
മാനന്തവാടി: ഫോറൻസിക് സർജൻ അവധിയായതിനെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജിൽനിന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചു. മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
പാണ്ടിക്കടവ് വട്ടക്കുളം അഷ്റഫിന്റെ ഭാര്യ ഹസീന (40) ആണ് മരിച്ചത്. ഇവർ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഞായറാഴ്ച മരണപ്പെട്ടു. ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചതോടെ പോസ്റ്റുമാർട്ടം നടത്തണമെന്ന് ജോലിയിലുണ്ടായിരുന്ന ഡോക്ടർ അറിയിച്ചു. എന്നാൽ, ഫോറൻസിക് സർജൻ അവധിയിലായതോടെ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായി. സംഭവത്തിൽ സീനിയർ ഡോക്ടറെ വിളിക്കാൻപോലും അധികൃതർ തയാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഒടുവിൽ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അതേസമയം, നിലവിൽ മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ ഒരു ഫൊറൻസിക് സർജന്റെ സേവനം മാത്രമാണുള്ളതെന്നും ആറുദിവസവും ജോലിയിലുണ്ടായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഓഫ് എടുത്തതിനാലാണ് പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ വന്നതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ബത്തേരിയിൽ ഫൊറൻസിക് സർജന്റെ സേവനം ഉള്ളതിനാലാണ് മൃതദേഹം അവിടേക്കയച്ചതെന്നും ഇതിന് ബന്ധുക്കളുടെ സമ്മതമുണ്ടായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
രണ്ടുവർഷം മുമ്പാണ് ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയത്. പോസ്റ്റുമാർട്ടത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരത്തോടെയെത്തിച്ച മൃതദേഹം പാണ്ടിക്കടവ് ജുമ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: ആമിർ, അൻഷിദ്, അർഷിദ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

