പൂതാടിയിൽ ഇന്ന് അവിശ്വാസം: യു.ഡി.എഫ് അംഗങ്ങൾ എത്തുക അജ്ഞാതകേന്ദ്രങ്ങളിൽനിന്ന്
text_fieldsസുൽത്താൻ ബത്തേരി: പൂതാടി പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ബുധനാഴ്ച ചർച്ചക്കെടുക്കും. ഇടതുപക്ഷത്തിന്റെ ഭരണം അട്ടിമറിക്കാൻ യു.ഡി.എഫ് അരയുംതലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. വോട്ടെടുപ്പിന് യു.ഡി.എഫ് മെമ്പർമാർ പഞ്ചായത്ത് ഓഫിസിൽ എത്തുക അജ്ഞാത കേന്ദ്രങ്ങളിൽ നിന്നായിരിക്കും. തിങ്കളാഴ്ച വൈകുന്നേരത്തോടെ യു.ഡി.എഫ് നേതൃത്വം അംഗങ്ങളെയെല്ലാം വീടുകളിൽനിന്നും മാറ്റുകയായിരുന്നു. വിമതരായ രണ്ടു സി.പി.എം അംഗങ്ങളെയും അജ്ഞാത കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി മാറ്റിയെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽനിന്നുള്ള വിവരം. അതിനാൽ കൂടുതൽ നാടകീയ സംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിൽ യു.ഡി.എഫ് പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റാകാനുള്ള സാധ്യതയാണ് തെളിഞ്ഞത്.
യു.ഡി.എഫ് 10, എൽ.ഡി.എഫ് 10, ബി.ജെ.പി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കുമെന്ന് നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇടതുപക്ഷവും യു.ഡി.എഫും നേർക്കുനേർ പോരാട്ടമാണ്. വിമതർ വലത്തോട്ട് ചാഞ്ഞാൽ പഞ്ചായത്തിൽ ഭരണം അട്ടിമറിക്കപ്പെടും.
യു.ഡി.എഫ് അംഗങ്ങൾ മൂന്ന് അജ്ഞാത കേന്ദ്രങ്ങളിലാണുള്ളത്. ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലെത്താൻ എല്ലാവിധ സൗകര്യങ്ങളും ഇവർക്ക് നേതൃത്വം ഒരുക്കും. പൂതാടി പഞ്ചായത്തിൽ താമസക്കാരൻ കൂടിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
മുമ്പ് അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ നടന്നത് പൂതാടി പഞ്ചായത്തിലാണ്. അന്ന് എൽ.ഡി.എഫാണ് അവരുടെ വിമത ശബ്ദമുയർത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എൻ. ശശീന്ദ്രനെ തട്ടിക്കൊണ്ടുപോയത്. 2009 ഏപ്രിൽ 20നാണ് പഞ്ചായത്ത് ഓഫിസിന് സമീപത്തുനിന്ന് അദ്ദേഹത്തെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുപ്പിക്കാതിരിക്കാനാണ് തട്ടിക്കൊണ്ടുപോയതെന്ന് പിന്നീട് അദ്ദേഹം കോടതിയിൽ പറഞ്ഞു. ദിവസങ്ങളോളം അദ്ദേഹത്തെ ഒളിവിൽ പാർപ്പിക്കുകയും പിന്നീട് കൊടുവള്ളിയിൽ ഉപേക്ഷിക്കുകയുമായിരുന്നു. കോളിളക്കമുണ്ടാക്കിയ സംഭവത്തിനുശേഷം സി.പി.എമ്മിന്റെ നിരവധി നേതാക്കൾക്ക് ജയിലിൽ കിടക്കേണ്ടിവന്നു. തട്ടിക്കൊണ്ടുപോകൽ കുറ്റത്തിന് അന്ന് ജയിൽവാസമനുഭവിച്ച നേതാക്കളിലൊരാൾ ഇന്ന് സി.പി.എം വിമത മെംബറായി രംഗത്തുണ്ടെന്നതാണ് പ്രത്യേകത. ഈ വിമത അംഗത്തിലാണ് യു.ഡി.എഫ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

