കടുവയെ പിടികൂടാൻ നടപടിയില്ല; സമരത്തിനൊരുങ്ങി തൊഴിലാളികൾ
text_fieldsസുൽത്താൻ ബത്തേരി: കഴിഞ്ഞ വ്യാഴാഴ്ച വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തു നായെ വകവരുത്തിയ കടുവയെ ഇനിയും പിടികൂടാനായില്ല. കൂട് വെച്ച് കടുവയെ ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് പറഞ്ഞെങ്കിലും അതിനുള്ള ഒരു ഒരുക്കവും നടത്താത്തതാണ് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുന്നത്. 15 ദിവസത്തിനിടെ അഞ്ചാം തവണയാണ് വാകേരിയിലെ ഏദൻവാലി എസ്റ്റേറ്റിൽ തൊഴിലാളികൾ കടുവയെ കാണുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എസ്റ്റേറ്റിലെ വളർത്തുനായെ കടുവ കൊന്നത്. കടുവയെ കണ്ട സ്ഥലത്തുനിന്ന് ഏതാനും മീറ്റർ അകലെയാണ് അംഗൻവാടിയും സർക്കാർ എൽ.പി. സ്കൂളും. കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടികൂടിയില്ലെങ്കിൽ വരും ദിവസങ്ങളിൽ വനംവകുപ്പിനെതിരെ സമരത്തിനിറങ്ങാനാണ് എസ്റ്റേറ്റ് തൊഴിലാളികളുടെയും പ്രദേശവാസികളുടെയും തീരുമാനം. ഏദൻവാലി, ഗ്രീൻവാലി, തെക്കേത്തട്ടിൽ എന്നിങ്ങനെ മൂന്ന് എസ്റ്റേറ്റുകൾ പ്രദേശത്തുണ്ട്. ഈ എല്ലാ പ്ലാന്റേഷനുകളിലും ഇപ്പോൾ തൊഴിലാളികൾ ഭയത്തിലാണ്. ജോലിക്കിറങ്ങാൻ ജീവൻ പണയപ്പെടുത്തണം. ഏദൻവാലിയിലെ തൊഴിലാളികൾ തിങ്കളാഴ്ച ജോലിക്കിറങ്ങാതെ സമരം നടത്തുകയുണ്ടായി.
എത്രയും പെട്ടെന്ന് കടുവയെ പിടികൂടണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇക്കാര്യമുന്നയിച്ച് സമരം ദേശീയപാതയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കവും അവർ നടത്തുന്നുണ്ട്. വളർത്തുനായ ആക്രമിക്കപ്പെട്ട ശേഷം സ്ഥലത്ത് എത്തിയ വനം വകുപ്പ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ അതിന് ശേഷം കഴിഞ്ഞ ദിവസവും വിവിധ ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടു. അതിനാൽ കടുവ പ്രദേശത്ത് നിന്നും പോയിട്ടില്ല എന്ന നിഗമനത്തിലാണ് വനം വകുപ്പും നാട്ടുകാരും. കൂട് വെക്കാം എന്ന് പറഞ്ഞ് വനം വകുപ്പ് തങ്ങളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ചെതലയം വനവും ബീനാച്ചി എസ്റ്റേറ്റും വാകേരിക്കടുത്താണ്. അതിനാൽ കടുവക്ക് എളുപ്പത്തിൽ ഇവിടെ എത്താം. അതേസമയം, വിഷയത്തിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ഇടപെട്ടിട്ടുണ്ട്. കൂടുവെക്കാനുള്ള നടപടി ഉടൻ ഉണ്ടാകമെന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

