നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിൽ നൂതന ചികിത്സ സൗകര്യങ്ങൾ
text_fieldsനല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ സജ്ജമാക്കുന്ന മാമോഗ്രഫി സംവിധാനം
പീച്ചംകോട്: നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ ചികിത്സക്കായി നൂതന സൗകര്യങ്ങൾ ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്സ്റേ ചിത്രങ്ങളിലൂടെ സ്തനങ്ങളിലുണ്ടാകുന്ന മുഴകളും മുഴകളായി രൂപപ്പെടുന്നതിനുമുമ്പ് കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളും മാമോഗ്രഫിയിലൂടെ കണ്ടെത്താന്‍ സാധിക്കും.
ജീവിതശൈലീ രോഗങ്ങളും കാന്‍സറും നേരത്തേ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ലക്ഷ്യം. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 18.57 ലക്ഷം രൂപ വകയിരുത്തിയാണ് സെന്ററില്‍ മാമോഗ്രാം സംവിധാനം ഒരുക്കുന്നത്. ഇതിനുപുറമെ കൊച്ചിന് ഷിപ് യാര്‍ഡ് സി.എസ്.ആര് ഫണ്ടായി നല്കിയ 32.60 ലക്ഷം രൂപ ചെലവില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍ യൂനിറ്റില്‍ ഫിസിയോതെറപ്പി സൗകര്യം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആശുപത്രി കവാട നിര്‍മാണ പ്രവൃത്തികൾ എന്നിവ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ പ്രതിമാസം 1500ൽ അധികം രോഗികളാണ് സെന്ററില്‍ ചികിത്സക്കെത്തുന്നത്.
ജില്ലയില്‍നിന്ന് കാന്‍സര്‍ ചികിത്സക്കായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളെ ആശ്രയിക്കുന്ന ആളുകളുടെ തുടര്‍ചികിത്സ സാധ്യമാക്കുന്നത് നല്ലൂര്‍നാട് കാന്‍സര്‍ സെന്ററിലാണ്. ജനറല്‍ ഒ.പി, കാന്‍സര്‍ ഒ.പി, കീമോതെറപ്പി, റേഡിയോ തെറപ്പി, ഡയാലിസിസ്, ഐ.പി ബ്ലോക്കുകള്‍, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയാണ് സെന്ററില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ 43,927 രോഗികളാണ് ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. 2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ 44,164 രോഗികള്‍ ആശുപത്രിയിലെത്തി. 2025ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെ 22,132 പേരും എത്തി. 7,495 പേര് കാന്‍സര്‍ ഒ.പിയില്‍ മാത്രമായി ചികിത്സ തേടി. 4509 പേര് കീമോതെറപ്പിക്കും 1277 രോഗികള്‍ റേഡിയോതെറപ്പിക്കും ചികിത്സ തേടി.
കാന്‍സര്‍ ഒ.പിയില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാവുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ പരിശോധനയും ശനിയാഴ്ചകളില്‍ റേഡിയേഷനുള്ള പ്ലാന്‍ സജ്ജമാക്കുകയും ചെയ്യുന്നു. ജനറല്‍ ഒ.പി, ദന്ത യൂനിറ്റ്, 12 കിടക്കകളുള്ള ക്യൂറേറ്റിവ് കീമോതെറപ്പി ഡേ കെയര്‍ യൂനിറ്റ്, റേഡിയോ തെറപ്പി യൂനിറ്റ്, ആറ് കിടക്കകളുള്ള അഭയം പാലിയേറ്റിവ് കീമോതെറപ്പി കെയര്‍ യൂനിറ്റ്, 10 കിടക്കകളുള്ള ന്യൂട്രോപീനിയ വാര്‍ഡ്, രണ്ട് ഷിഫ്റ്റുകളിലായി ഏഴ് ഹീമോ ഡയാലിസിസ് മെഷീനുകള്‍ എന്നിവ ഉപയോഗിച്ചാണ് ചികിത്സ നല്‍കുന്നത്. ബ്ലഡ് സ്റ്റോറേജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലും ആസ്പിരേഷനൽ ജില്ല പദ്ധതിയുടെ ഭാഗമായി അഞ്ചുകോടി ചെലവില്‍ നിര്‍മിക്കുന്ന കാന്‍സര്‍ പരിചരണത്തിനുള്ള മാതൃകാ മള്‍ട്ടി സ്റ്റോറേജ് കെട്ടിട നിര്‍മാണം പ്രാരംഭഘട്ടത്തിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

