വെങ്ങപ്പള്ളി പഞ്ചായത്തിൽ പുതിയ ക്വാറികൾക്ക് നീക്കം
text_fieldsകൽപറ്റ: പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി വെങ്ങപ്പള്ളി പഞ്ചായത്തിൽ പുതിയ അഞ്ച് ക്വാറികൾക്ക് അനുമതി നൽകാൻ നീക്കം. നിലവിൽ മൂന്ന് ക്വാറികളും മൂന്ന് ക്രഷർ യൂനിറ്റുകളും പഞ്ചായത്തിൽ പ്രവർത്തിക്കുമ്പോഴാണ് വീണ്ടും ക്വാറികൾക്ക് ലൈസൻസ് നൽകാൻ നീക്കം നടക്കുന്നത്. ജില്ലയിലെ ഏറ്റവും ചെറിയ പഞ്ചായത്തിൽ അഞ്ച് ക്വാറികൾകൂടി തുടങ്ങിയാൽ ജനവാസം അസാധ്യമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പഞ്ചായത്തിലെ ആറാംവാർഡിലെ വാവാടിയിൽ രണ്ടുക്വാറികളും 10 ാം വാർഡ് പഞ്ചാബിൽ ഒരു ക്വാറിയുമാണ് നിലവിൽ പ്രവർത്തിക്കുന്നത്. വാവാടി നീലാംകുന്ന്, കോടഞ്ചേരിക്കുന്ന്, ചൂരിയറ്റ, പഞ്ചായത്ത് ഓഫിസിന് പിറക് വശം തുടങ്ങിയ സ്ഥലങ്ങളിൽ ക്വാറി തുടങ്ങാനാണ് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. അഞ്ചു ക്വാറികൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ നിലവിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിലാണ്. വാവാടി നിലാംകുന്നിൽ നിലവിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് സമീപം തന്നെയാണ് വീണ്ടും മറ്റൊരു ക്വാറിക്ക് അനുമതിക്ക് അപേക്ഷ നൽകിയത്.
രണ്ട് ക്വാറികൾക്കുമിടയിൽ അറുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിലവിൽ സ്ഫോടനവും വലിയ വാഹനങ്ങൾ നിരന്തരം വന്നുപോകുന്നതും കാരണം സമീപത്തെ വീടുകളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വലിയ വാഹനങ്ങളുടെ ആധിക്യം കാരണം വെങ്ങപ്പള്ളി കൊടുങ്കയും റോഡ് പൂർണമായും തകർന്നു.
പുതിയ ക്വാറി കൂടി വരുന്നതോടെ ഒഴിഞ്ഞു പോകേണ്ടിവരുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. പകൽ സമയത്തെ ക്വാറികളിൽ നിന്നുള്ള ഉഗ്ര ശബ്ദം കാരണം പിഞ്ചു കുഞ്ഞുങ്ങൾക്ക് ഉറങ്ങാൻ പോലും കഴിയാറില്ല. 150 ലധികം കുടുംബങ്ങളാണ് ക്വാറിയുടെ ദുരന്തം പേറി ജീവിക്കേണ്ടിവരിക. നിലവിലുള്ള ക്വാറികൾ മനുഷ്യ ജീവന് ഭീഷണിയാകുന്നതായി ആരോപിച്ച് ആക്ഷൻ കമ്മിറ്റി പ്രതിഷേധങ്ങളുമായി സമര മുഖത്തുള്ളപ്പോഴാണ് പുതിയ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കവും നടക്കുന്നത്.
സമരത്തിനൊരുങ്ങി ആക്ഷൻ കമ്മിറ്റി
കൽപറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിൽ വാവാടി നീലാംകുന്നിൽ ഉൾെപ്പടെ കൂടുതൽ ക്വാറികൾ തുടങ്ങാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് വെങ്ങപ്പള്ളി വാവാടി ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഒരു ഖനന യൂനിറ്റിൽ നിന്ന് 400 മീറ്റർ മാത്രം അകലത്തിലാണ് പുതിയ യൂനിറ്റ് ആരംഭിക്കാൻ നീക്കം നടത്തുന്നത്. ഇത് പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.
പുതിയ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ സ്ഥലം എം.എൽ.എക്കും കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ലൈസൻസ് അനുവദിക്കുന്നതിൽ പഞ്ചായത്ത് ഭരണ സമിതിക്ക് റോളില്ലെന്നാണ് അവർ പറയുന്നത്. പുതിയ ക്വാറി പഞ്ചായത്തിലെ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകും. ബന്ധപ്പെട്ടവർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്ത പക്ഷം സമരവുമായി രംഗത്തുവരുമെന്നും ഭാരവാഹികൾ പറഞ്ഞു. കൺവീനർ റോയി മാന്തോട്ടം, പി.വി. അനൂപ്, റോസ് ലി തോമസ്, സി.എ. ഹരിപ്രസാദ്, കെ.ജി. ജയൻ, കെ.പി. ജെയിംസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

