പുതിയ പരാദ കുടുംബത്തെ കണ്ടെത്തി
text_fieldsകിലാട്രിമാറ്റിഡ കുടുംബത്തിലെ അംഗം കീലാട്രിമ നീലഗിരെൻസിസ് പരാദം
മാനന്തവാടി: പുതിയ പരാദ കുടുംബത്തെ കണ്ടെത്തിയതോടെ കണ്ണൂർ സർവകലാശാലക്ക് വീണ്ടും അഭിമാന നേട്ടം. കണ്ണൂർ സർവകലാശാല ജന്തുശാസ്ത്ര പഠനവിഭാഗത്തിലെ ഇക്കോളജിക്കൽ പാരസിറ്റോളജി ലബോറട്ടറി ഗവേഷകരും റഷ്യൻ അക്കാദമി ഓഫ് സയൻസിലെ ഗവേഷകരും ചേർന്ന് തന്മാത്ര ജീവശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് പുതിയ കണ്ടെത്തൽ. കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ പഠനങ്ങൾ ഇതിന് മുമ്പും പലതവണ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ദെവാരിയോ നീലഗിരെൻസിസ് (ഈ മത്സ്യങ്ങളിലാണ് പുതിയ പരാദം കണ്ടെത്തിയത്)
പരാദ ശാസ്ത്രഗവേഷണത്തിൽ നാഴികക്കല്ലാണ് ഈ കണ്ടെത്തലെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജന്തുശാസ്ത്ര വിഭാഗം തലവൻ പ്രഫ. പി.കെ. പ്രസാദൻ ചൂണ്ടിക്കാട്ടി. ജന്തുശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഗവേഷക പി.കെ. ജിതിലയും പ്രഫ. പി.കെ. പ്രസാദനും റഷ്യൻ അക്കാദമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞനായ ദിമിത്രി അറ്റോപ്കിനും ചേർന്ന് നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ ലണ്ടനിലെ കേംബ്രിഡ്ജ് യൂനിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് ഹെൽമിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
ലോകത്തിലെ തന്നെ അതിസമ്പന്ന ജൈവവൈവിധ്യ മേഖലയായ പശ്ചിമഘട്ട പ്രദേശത്തെ ശുദ്ധജല മത്സ്യങ്ങളെ ബാധിക്കുന്ന പരാദങ്ങളെ കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തിനിടയിലാണ് ഈ കണ്ടെത്തൽ. ദെവാരിയോ നീലഗിരെൻസിസ്, ലാബിയോ രോഹിത (രോഹു) എന്നീ ശാസ്ത്രീയ നാമങ്ങളിൽ അറിയപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളിലാണ് കീലാട്രിമാറ്റിഡേ എന്ന പുതിയ കുടുംബത്തിൽപെട്ട പരാദങ്ങളെ കണ്ടെത്തിയത്. ആതിഥേയ ശരീരത്തിൽനിന്നു പോഷകങ്ങൾ സ്വീകരിച്ചു ജീവിക്കുന്ന ജീവിയാണ് പാരസൈറ്റ് അഥവാ പരാദം (ഇത്തിൾകണ്ണി). പരാദങ്ങൾ മൂലം ആതിഥേയ ശരീരത്തിന് ഗുണമൊന്നുമുണ്ടാകുന്നില്ല, ദോഷങ്ങൾ ഏറെ ഉണ്ടാവുകയും ചെയ്യുന്നു.കീലാട്രിമ നീലഗിരെൻസിസ്, പാരാ ക്രിപ്ടാട്രിമ ലിമി എന്നീ ശാസ്ത്രീയ നാമങ്ങളുള്ള പരാദങ്ങളാണ് പുതിയ കുടുംബത്തിലെ അംഗങ്ങൾ. ഡി.എൻ.എ അടിസ്ഥാനപ്പെടുത്തിയുള്ള ഈ തൻമാത്ര വർഗീകരണ പഠനം പരാദങ്ങളുടെ പരിണാമ പഠനത്തിലേക്ക് വെളിച്ചം വീശുന്നുവെന്നത് കണ്ടെത്തലിന്റെ ശാസ്ത്രീയ പ്രാധാന്യം വർധിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

