കത്തുന്ന വേനൽ പ്രതിരോധിക്കാൻ മീനങ്ങാടി പഞ്ചായത്തിന് പുതിയ മാതൃക
text_fieldsമീനങ്ങാടിയിലെ പുനരുജ്ജീവന കൃഷിത്തോട്ടം
മീനങ്ങാടി: കടുത്ത വേനലിനെ പ്രതിരോധിക്കാൻ മീനങ്ങാടി പഞ്ചായത്തിന് പുതിയ മാതൃക. കടുത്ത വേനലില്‍ പാടങ്ങള്‍ വിണ്ടുകീറുകയും വിളകള്‍ കരിഞ്ഞുപോകുകയും ചെയ്തപ്പോഴാണ് മണ്ണിന്റേയും കൃഷിയുടേയും പുനരുജ്ജീവനത്തിന് മീനങ്ങാടി പഞ്ചായത്ത് പുതിയ മാതൃക തീര്‍ത്തത്.
വറ്റി വരണ്ട മണിവയല്‍ പുഴയുടെ ഓരത്ത് കുളം കുഴിച്ച് സൗരോർജം ഉപയോഗിച്ച് എട്ട് ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുകയും ഉപയോഗശേഷം അധിക ജലം സ്രോതസ്സിലേക്ക് തന്നെ ഒഴുക്കി വിടുകയും ചെയ്യുന്നതാണ് പുതിയ മാതൃക. ഇതിനായി 2.4 കിലോവാട്ട് സൗരോര്‍ജ പാനലും ദിനേന പതിനായിരം ലിറ്റര്‍ വെള്ളം എത്തിക്കുന്നതിന് അനുയോജ്യമായ പമ്പും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചു.
രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറു വരെ സൗരോർജം ഉപയോഗിച്ച് കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഒന്നാം ഘട്ടത്തില്‍ വനിതകളുള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വള്ളി, പയര്‍, പച്ചമുളക്, വെള്ളരി, ചീര, മുതലായവയാണ് ജൈവരീതിയില്‍ കൃഷി ചെയ്തിട്ടുള്ളത്. ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക വിപണിയും വൈദ്യുതി നിരക്ക് ഉള്‍പ്പെടയുള്ള ആവര്‍ത്തന ചെലവുകളില്ലായെന്നതും കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്.
സ്ഥിരവരുമാനത്തോടൊപ്പം മീനങ്ങാടിയില്‍ നടപ്പിലാക്കി വരുന്ന കാര്‍ബണ്‍ തുലിത പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണിന്റെ ജൈവഘടന വീണ്ടെടുക്കുന്നതിനും പുതിയ കൃഷിരീതി സഹായകരമാകും. ഗ്രാമപഞ്ചായത്ത്, തണല്‍, കൃഷിഭവന് എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കിയ പുനരുജ്ജീവന കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയന് നിര്‍വഹിച്ചു. ഉഷ രാജേന്ദ്രന്, ശാന്തി സുനില്‍, നിധിന് നാരായണ്‍, എം.കെ. ശിവരാമന്, ബ്രിജിത സുരേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

