Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightആളും വാഹനവും കൂടിവേണം...

ആളും വാഹനവും കൂടിവേണം ദേശീയപാത വികസനം

text_fields
bookmark_border
ആളും വാഹനവും കൂടിവേണം ദേശീയപാത വികസനം
cancel
camera_alt

ജില്ല കലക്ടർ ഡി.ആ‍ർ. മേഘശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ല ആസൂത്രണ സമിതി യോഗം

കൽപറ്റ: ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വർധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ല വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പള്ളി-മൈസൂരു റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ല കലക്ടര്‍ ഡി.ആ‍ർ. മേഘശ്രീ അധ്യക്ഷയായ യോഗത്തില്‍ ചർച്ചയായി. വയനാട്ടിലെ ദേശീയപാതകളില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മേല്‍പാലം ആവശ്യമാണെന്നും പ്രിയങ്കഗാന്ധി എം.പിയുടെ പ്രതിനിധി കെ.എല്‍. പൗലോസ് നിര്‍ദേശിച്ചു. വിഷയം റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നിർദേശങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. താമരശ്ശേരി ചുരം റോഡിലെ ഗതാഗത തടസ്സത്തിന് കോഴിക്കോട് ജില്ല കലക്ടറുമായി സംസാരിച്ച് പരിഹാരം കാണാന്‍ ജില്ല ഭരണകൂടം പ്രത്യേകമായി ഇടപടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ റോഡുകളുടെ നിർമാണപ്രവൃത്തി ഉടൻ പൂര്‍ത്തിയാക്കണമെന്നും മഴക്കുമുമ്പ് അറ്റകുറ്റപ്പണി നടത്തി റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നും യോഗം നിർദേശിച്ചു.

വരാനിരിക്കുന്ന കാലവര്‍ഷത്തെ നേരിടാന്‍ ജില്ലയിലെ എല്ലാ വകുപ്പുകളും അടിയന്തര മുന്‍കരുതൽ സ്വീകരിക്കണമെന്ന് ജില്ല കലക്ടര്‍ പറഞ്ഞു. മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ വയനാട് ജില്ലയിലെ സാഹചര്യങ്ങള്‍ പ്രത്യേകമായി വിലയിരുത്തിയിട്ടുണ്ട്. ജില്ലയിലെ 40 ശതമാനത്തിലധികം പ്രദേശങ്ങള്‍ റെഡ് സോണില്‍ ഉള്‍പ്പെടുന്നവയാണ്. 200 ഓളം സ്ഥലങ്ങള്‍ അതീവ പരിസ്ഥിതിലോലമായ ഹോട്ട്‌സ്‌പോട്ടുകളുമാണ്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ‘സീറോ ഡെത്ത് മണ്‍സൂണ്‍’ ലക്ഷ്യമിട്ടാണ് ഇത്തവണയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത്. കോര്‍ കമ്മിറ്റികള്‍ ഏതുസമയത്തും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായിരിക്കണം. കാലവര്‍ഷത്തില്‍ മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങളും വൈദ്യുതി തടസ്സങ്ങളുമാണ് ജില്ല നേരിടുന്ന പ്രധാന വെല്ലുവിളി. വിവിധ വകുപ്പുകളുടെ കീഴിലുള്ള അപകടകരമായ മരങ്ങള്‍ അതത് വകുപ്പുകള്‍ തന്നെ അടിയന്തരമായി മുറിച്ചുമാറ്റണം. ട്രൈബല്‍ മേഖലകളില്‍ അപകട ഭീഷണിയുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കണം. ചോര്‍ച്ചയുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ അറ്റകുറ്റപ്പണി തീര്‍ക്കാനും കാലവര്‍ഷത്തിന്റെ ഭാഗമായി നല്‍കേണ്ട ഭക്ഷ്യകിറ്റുകളുടെ വിതരണം ഉറപ്പാക്കാനും കലക്ടര്‍ നിർദേശിച്ചു.

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം. സ്‌കൂളുകളില്‍ പാമ്പുകടി, ഫംഗസ് ബാധ, ഭക്ഷ്യവിഷബാധ തുടങ്ങിയവ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതൽ സ്വീകരിക്കണം. ഉച്ച ഭക്ഷണം പാകം ചെയ്യുന്നവര്‍ ഗ്ലൗസും ക്യാപും ധരിക്കണമെന്നും ക്ലാസ് റൂമുകള്‍ കൃത്യമായി ശുചീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഉടന്‍ ആരംഭിക്കുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ‘സെല്‍ഫ് എന്യൂമറേഷന്‍’ പ്രക്രിയയില്‍ എല്ലാ വകുപ്പുകളും കൃത്യമായ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കണമെന്നും കലക്ടര്‍ നിർദേശിച്ചു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നദികളുടെ തീരത്തുള്ള ഗോത്രവര്‍ഗ വിഭാഗക്കാരായ കുടുംബങ്ങളെ പാര്‍പ്പിക്കുന്നതിന് ഭൂമി കണ്ടെത്തുന്ന നടപടി പുരോഗമിക്കുകയാണെന്ന് ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. സ്വകാര്യ വ്യക്തികളില്‍നിന്നും ഭൂമി വിലക്കുവാങ്ങി ഗോത്രവര്‍ഗ വിഭാഗക്കാര്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ ജില്ലയിലെ വിവിധ താലൂക്കുകളില്‍നിന്നും ലഭിച്ച അപേക്ഷകളില്‍ ആറെണ്ണം ജില്ല വിലനിര്‍ണയ കമ്മിറ്റി അംഗീകരിക്കുകയും ശിപാര്‍ശ സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു.

പുഴയോരത്ത് താമസിക്കുന്ന കുടുബങ്ങള്‍ക്ക് വര്‍ഷകാലത്ത് ഭീഷണി ഒഴിവാക്കാനായി തോടിന്റെ/പുഴയുടെ സൈഡ് കെട്ടുന്നതടക്കമുള്ള ഒമ്പത് പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്കായി ചീഫ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് സമര്‍പ്പിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. പുല്‍പള്ളി കാപ്പിക്കളം പ്രദേശത്തെ 160 ഓളം കുടുബങ്ങള്‍ക്ക് ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ളം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിച്ചതായി എല്‍.എസ്.ജി.ഡി ജോയന്റ് ഡയറക്ടര്‍ അറിയിച്ചു. 2025-2026 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതിയും യോഗം അവലോകനം ചെയ്തു. ജില്ല വികസന സമിതി യോഗത്തില്‍ സബ് കലക്ടര്‍ അതുല്‍ സാഗര്‍, എ.ഡി.എം എ. ജയശീ, സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാര്‍, ജില്ല പ്ലാനിങ് ഓഫിസര്‍ എം. പ്രസാദന്‍, ജനപ്രതിനിധികള്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwaylocalnewsWayanad
News Summary - National highway development needs both people and vehicles
Next Story