ദേശീയ സിവിൽ സർവിസ് ഫുട്ബാൾ ടൂർണമെന്റ്; കേരള ടീമിൽ മൂന്നു വയനാട്ടുകാർ
text_fieldsഒ.ബി. അനീഷ്, ഷാജി പാറക്കണ്ടി
മീനങ്ങാടി: മാർച്ച് 18 മുതൽ ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ദേശീയ സിവിൽ സർവിസ് ഫുട്ബാൾ ടൂർണമെന്റിൽ മത്സരിക്കുന്ന കേരള ടീമിൽ ഇത്തവണ മൂന്നു വയനാട്ടുകാർ ഇടം നേടി. ഇവരിൽ രണ്ടുപേർ ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണെന്ന സവിശേഷതയുമുണ്ട്.
മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനായ ഷാജി പാറക്കണ്ടിയും ക്ലർക്ക് ഒ.ബി അനീഷുമാണ് ഈ നേട്ടത്തിനുടമകൾ. കാവുമന്ദം സ്വദേശിയായ ഷാജി ഒമ്പതാം തവണയാണ് സിവിൽ സർവിസ് കേരള ടീമിൽ അംഗമാകുന്നത്. മീനങ്ങാടി ഒലിവയൽ സ്വദേശിയായ അനീഷ് കോഴിക്കോട് യൂനിവേഴ്സിറ്റി ഫുട്ബാൾ ടീം ക്യാപ്റ്റനായിരുന്നു.
കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്ത വി.കെ. പ്രദീപും ടീമിലുണ്ട്. സുൽത്താൻ ബത്തേരി സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോഗ്രാഫറാണ്.

