മേപ്പാടി: ആഗസ്റ്റ് ഏഴിന് മുണ്ടക്കൈയിൽ മലമുകളിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന് വീടിനകത്തും പുറത്തും മരങ്ങളും മണ്ണും ചളിയും വന്നടിഞ്ഞതിനാൽ അന്തിയുറങ്ങാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ രണ്ട് കുടുംബങ്ങൾ.
മുണ്ടക്കൈ പുഞ്ചിരിമട്ടത്തെ പൂക്കോട് വീട്ടിൽ ഉഷ, പാലപ്പെട്ടി കദീയുമ്മ എന്നിവരുടെ കുടുംബങ്ങളാണ് എന്തുചെയ്യണമെന്നറിയാതെ കണ്ണീരൊഴുക്കുന്നത്. മണ്ണുമാന്തിയുടെ സഹായത്തോടെ നീക്കംചെയ്യാൻ കഴിയുന്നത്ര മരങ്ങളാണ് വീട്ടുമുറ്റത്ത് വന്നടിഞ്ഞത്.
വീട്ടിൽ പ്രവേശിക്കാൻ കഴിയാത്ത വിധം ഉള്ളിൽ ചളിയും മണ്ണും മരക്കൊമ്പുകളും കല്ലുമൊക്കെ അടിഞ്ഞുകൂടിയിരിക്കുകയാണിപ്പോൾ. തൊഴിലുറപ്പ് ജോലിയും കൂലിപ്പണിയുമായി ജീവിക്കുന്ന കുടുംബങ്ങളാണിവർ.
മണ്ണുമാന്തി യന്ത്രം വാടകക്കെടുത്ത് മരങ്ങളും മണ്ണും ചളിയുമൊക്കെ നീക്കം ചെയ്യാനുള്ള സാമ്പത്തിക ശേഷി ഇവർക്കില്ല. സർക്കാർ ഭവനപദ്ധതിയിൽ നിർമിച്ച വീടുകളാണിത്.
ഇപ്പോൾ വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. പരിചയക്കാരായ തോട്ടം തൊഴിലാളികളുടെ പാടിമുറികളിലാണിവർ ദിവസങ്ങളായി കഴിയുന്നത്. റവന്യൂ അധികൃതരും പഞ്ചായത്തും ഇങ്ങോട്ട് തിരിഞ്ഞുനോക്കുന്നിെല്ലന്നാണ് പരാതി.