അടച്ചുപൂട്ടിയ കരിങ്കൽ ക്വാറികൾ തുറക്കാൻ നീക്കം
text_fieldsതൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ക്വാറികളിലൊന്ന്
കോറോം: അതീവ പരിസ്ഥിതി പ്രാധാന്യമുള്ള തൊണ്ടനാട് വില്ലേജിലെ അടച്ചുപൂട്ടിയ കരിങ്കൽ ക്വാറികൾ തുറക്കാൻ നീക്കം. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള തൊണ്ടർനാട്, കാഞ്ഞിരങ്ങാട് വില്ലേജുകളിലെ ക്വാറികളാണ് തുറന്നു പ്രവർത്തിക്കാൻ ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ല മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ക്വാറി ഉടമകളുടെ അപേക്ഷപ്രകാരം സ്ഥലം സന്ദർശിച്ചു. ഇ.എസ്.എയിൽ പെട്ട 123 വില്ലേജുകളിലൊന്നാണ് തൊണ്ടർനാട് വില്ലേജ്. സെന്റ് മേരീസ് ക്വാറിയിൽ 2018 ൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടാവുകയും നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ പെടുകയും ചെയ്തിരുന്നു.
പിന്നീട് ഇതേ സ്ഥലത്ത് ടാർ മിക്സിങ് പ്ലാൻറ് ഉണ്ടാക്കാനുള്ള നീക്കവും നടന്നിരുന്നു. വലിയ ജനകീയ പ്രക്ഷോഭവും ഗ്രാമപഞ്ചായത്തിന്റെ ശക്തമായ നിലപാടും മൂലം പദ്ധതി നടന്നില്ല. തൊണ്ടർനാട് ഫാമിലി ഹെൽത്ത് സെൻററിന്റെ തൊട്ടുപിറകിൽ കുത്തനെയുള്ള മലനിരകളിൽ ആണ് മറ്റൊരു ക്വാറി പ്രവർത്തിക്കുന്നത്.
ഇതിന്റെ താഴ്വാരത്ത് ധാരാളം വീടുകളും ആദിവാസി കോളനിയും ഉണ്ട്. ഈ ക്വാറികൾ പ്രവർത്തനം തുടങ്ങിയാൽ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാവുകയും പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാവുകയും ചെയ്യുമെന്നാണ് പ്രദേശവാസികൾ ഭയക്കുന്നത്.
2018- 19 കാലത്ത് ഉണ്ടായ ശക്തമായ മഴയിൽ കടയങ്കൽ ക്വാറിയുടെ പ്രദേശത്തുള്ള മണിക്കല്ല് മലയിലും റാട്ടക്കൊല്ലിയിലും ഉരുൾപൊട്ടലിന് സമാനമായ രീതിയിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്.
തൊണ്ടർനാട്ടിലെ പ്രധാന ആരോഗ്യ കേന്ദ്രമായ ഫാമിലി ഹെൽത്ത് സെൻറർ കടയങ്കൽ ക്വാറിയുടെ തൊട്ടു താഴെയാണ് സ്ഥിതി ചെയ്യുന്നത്. ക്വാറിയുടെ പ്രവർത്തനം ആശുപത്രി കെട്ടിടത്തിനും ഇവിടെ വരുന്ന രോഗികൾക്കും ഭീഷണി ആകുമെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

