സുല്‍ത്താന്‍ ബത്തേരി: സി.കെ. ജാനുവുമായുള്ള മുന്‍ കല്പറ്റ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ സി.കെ. ശശീന്ദ്രെൻറ പണമിടപാട് സംബന്ധിച്ച് പാർട്ടി ജില്ല നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എൽ.എ ആവശ്യപ്പെട്ടു. ശശീന്ദ്രനെതിരായ ആരോപണം അതിഗുരുതരമാണ്.
ബി.ജെ.പി നല്കിയ കോഴപ്പണത്തില്നിന്നാണ് ജാനു ശശീന്ദ്രെൻറ ഭാര്യക്ക് പണം നല്‍കിയതെന്നാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറിെൻറ ആരോപണം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്.
ജാനുവുമായുള്ള അടുപ്പവും പണമിടപാടും സി.പി.എം-ബി.ജെ.പി അന്തര്‍ധാരയാണ് വ്യക്തമാക്കുന്നത്.
സുതാര്യമായ പണമിടപാട് എന്ന് പറഞ്ഞ് ഇതില്‍നിന്ന് ശശീന്ദ്രന് ഒഴിഞ്ഞുമാറാനാവില്ല. ബി.ജെ.പി നല്കിയ കോഴപ്പണം എവിടെയൊക്കെയെത്തിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.