വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജ്: 7.2 കോടി വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി
text_fieldsമാനന്തവാടി: രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന് (റൂസ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട്ടിലെ മാനന്തവാടി മണ്ഡലത്തില്‍ നിർമിക്കുന്ന കോളജ് പ്രവൃത്തിക്കാവശ്യമായ ഗ്രാന്റ് വിഹിതം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചു. മോഡല്‍ ഡിഗ്രി കോളജിന് അനുമതി നല്‍കിയതായും 10 ഏക്കര്‍ സ്ഥലം കേരള സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതായും കേന്ദ്ര വിഹിതമായ 7.2 കോടി രൂപ വിതരണം ചെയ്യുമെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍ മറുപടി നല്കി.
വയനാടിനുവേണ്ടി മാനന്തവാടിയില്‍ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിടല്‍ നിർവഹിച്ച കോളജാണിത്. കോളജ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്ത ഫണ്ട് വിഹിതം വൈകുന്നതിലെ തടസ്സം നീക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ നേരില്‍ക്കണ്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവും കഴിഞ്ഞമാസം ആവശ്യപ്പെട്ടിരുന്നു.
വയനാട്ടില്‍ മോഡല്‍ ഡിഗ്രി കോളജിന് 2018ല്‍ പദ്ധതി അംഗീകാര ബോര്‍ഡ് (പി.എ.ബി) യോഗം അനുമതിയും നല്കി. അതേവര്‍ഷംതന്നെ, മാനവവിഭവശേഷി മന്ത്രാലയ തീരുമാനപ്രകാരമാണ് കോളജ് മാനന്തവാടിയില്‍ ആവാമെന്ന് നിശ്ചയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ അതിദ്രുതം നീക്കി. മാനന്തവാടി താലൂക്കിലെ പേരിയ വില്ലേജില്‍ നാല് ഹെക്ടര്‍ (4.04686) ഭൂമി ഏറ്റെടുത്ത് കൈമാറി. നാലു ബിരുദ കോഴ്സുകള്‍ക്കും നാല് അധ്യാപക തസ്തികകള്‍ക്കും 10 അനധ്യാപക തസ്തികകള്‍ക്കും പ്രാരംഭമെന്ന നിലക്ക് അനുമതി നല്കി. നടപടികള്‍ വേഗത്തിലാക്കാന്‍ സ്പെഷല്‍ ഓഫിസറെയും നിയമിച്ചു. ഈ പശ്ചാത്തലത്തിലാണ് കോളജിന് തറക്കല്ലിട്ടത്. കേന്ദ്രവിഹിതം പ്രതീക്ഷിച്ച് ടെന്‍ഡര്‍ നടപടികള്‍ക്കും തുടക്കമിട്ടു. എന്നാല്‍, കേന്ദ്രം പ്രഖ്യാപിച്ച ഫണ്ട് ലഭിക്കാത്തതിനാല്‍ റൂസ കോളജ് വൈകുകയായിരുന്നു. തുടര്‍ന്നാണ് ജോണ്‍ ബ്രിട്ടാസ് എം.പി ഉള്‍പ്പെടെ ഇടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

