ചൂരൽമലയിൽ ക്വാർട്ടേഴ്സ് കെട്ടിടം കാട്ടാന തകർത്തു
text_fieldsചൂരൽമലയിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കെട്ടിടത്തിന്റെ
ജനാല കാട്ടാന തകർത്ത നിലയിൽ
മേപ്പാടി: ചൂരൽമലയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു എസ്റ്റേറ്റ് ക്വാർട്ടേഴ്സ് കെട്ടിടം കൂടി ശനിയാഴ്ച പുലർച്ച മൂന്നു മണിയോടെ കാട്ടാന തകർത്തു. ക്വാർട്ടേഴ്സിൽ ആളില്ലാത്ത നേരത്തായതിനാൽ ദുരന്തമൊഴിവായി. എങ്കിലും ജനങ്ങൾ കടുത്ത ഭീതിയിലാണ്. തൊഴിലാളികൾ തേയിലത്തോട്ടത്തിൽ ജോലിക്ക് പോകാൻ ഭയപ്പെടുന്നു. പേടി മൂലം രാത്രി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
വീടിനുള്ളിൽപ്പോലും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ബുധനാഴ്ച രാത്രി മറ്റൊരു ക്വാർട്ടേഴ്സ് കെട്ടിടം കാട്ടാന തകർത്തിരുന്നു. അന്ന് വനപാലകരെത്തി കാട്ടിലേക്ക് തുരത്തിയ കാട്ടാന തന്നെയാണ് വീണ്ടും പ്രദേശത്ത് തിരികെ എത്തിയത്. കാട്ടാന ശല്യത്തിന് അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യം.

