പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsവിതരണ പൈപ്പ് പൊട്ടി
മേപ്പാടി ടൗണിൽ കുടിവെള്ളം
പാഴാകുന്നു
മേപ്പാടി: വടുവഞ്ചാൽ റോഡിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്നിടത്തും ടൗൺ ഹാളിനടുത്തും വിതരണ പൈപ്പ് പൊട്ടി മൂന്ന് മാസത്തോളമായി കുടിവെള്ളം പാഴാകുന്നു. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ജല വിതരണ പദ്ധതിയുടെ റോഡിനടിയിലൂടെ കടന്നുപോകുന്ന പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്.
റോഡിലൂടെ മണിക്കൂറുകളോളം വെള്ളം ഒഴുകുന്നത് സമീപത്തെ വ്യാപാരികൾക്കും കാൽനടക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്ഥാപനങ്ങളിലേക്ക് വെള്ളം തെറിക്കുന്നതാണ് വ്യാപാരികൾ നേരിടുന്ന പ്രശ്നം. മൂന്ന് മണിക്ക് തുറന്നു വിടുന്നതു മുതൽ മണിക്കൂറുകളോളം വെള്ളം പാഴാവുകയാണ്.
പരാതിപ്പെട്ടിട്ടും നടപടിയെടുക്കാൻ ഗ്രാമ പഞ്ചായത്ത് അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.ഒരു പതിറ്റാണ്ടിനപ്പുറം പ്രധാന പാത നവീകരണത്തിന്റെ ഭാഗമായി പുതിയ ടാറിങ് നടന്നപ്പോൾ റോഡിനടിയിലൂടെ കടന്നുപോകുന്നതും പഴക്കംകൊണ്ട് തുരുമ്പിച്ചതുമായ പൈപ്പുകൾ മാറ്റിയിടാൻ നടപടി സ്വീകരിക്കാതിരുന്നതിന്റെ ഫലമാണിത്.
ടൗണിൽ പല ഭാഗത്തും ഇടക്കിടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകി പാഴാകുന്നത് പതിവായിട്ടുണ്ട്. റോഡ് പ്രവൃത്തിയോടൊപ്പം പൈപ്പുകൾ മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ഭാവിയിൽ ഈ പ്രശ്നമുണ്ടാകുമെന്ന് പല കേന്ദ്രങ്ങളിൽ നിന്നും മുന്നറിയിപ്പുകൾ നൽകിയിട്ടും അധികൃതർ അവഗണിക്കുകയായിരുന്നു.
ഇപ്പോൾ പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായി. പൈപ്പ് നന്നാക്കണമെങ്കിൽ റോഡ് പൊളിക്കേണ്ടി വരും. അതിന് പൊതുമരാമത്ത് വകുപ്പ് ഹൈവേ വിഭാഗത്തിന്റെ അനുമതി വേണം. ആ പ്രശ്നം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുന്നുവെന്നാണ് വ്യാപാരികളുടെ പരാതി.