മേപ്പാടി-ചൂരൽമല റോഡ്; നവീകരണം അവസാന ഘട്ടത്തിലേക്ക്
text_fieldsമേപ്പാടി-ചൂരൽമല റോഡ്
മേപ്പാടി: മലയോര ഹൈവേയുടെ ഭാഗമായ മേപ്പാടി-ചൂരൽമല റോഡ് നവീകരണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്. 2018ൽ തുടങ്ങിയ പ്രവൃത്തി രണ്ട് ഉരുൾദുരന്തങ്ങളടക്കം പല കാരണങ്ങളാൽ വൈകുകയായിരുന്നു. റോഡ് ലെവലിങ്, സംരക്ഷണ ഭിത്തി നിർമാണം എന്നിവ ധൃതഗതിയിൽ നടന്നുവരികയാണ്. അവശേഷിക്കുന്ന ഭാഗത്തെ ടാറിങ് പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും 2026ൽ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നാണ് കരുതുന്നത്.
ചൂരൽമലനിന്ന് അട്ടമലയിലേക്കുള്ള രണ്ടര കി.മീ. റോഡ് നവീകരണ പ്രവൃത്തിയും നടക്കുകയാണ്. റീ ബിൽഡ് ചൂരൽമല പദ്ധതിയിലുൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുന്നത്. അട്ടമല മുതൽ മുണ്ടേരി വരെ 12 കി.മീറ്റർ വനത്തിലൂടെയുള്ള പാതകൂടി നിർമിച്ചാൽ മലയോര ഹൈവേ നിർമാണം പൂർത്തിയാകും.
എന്നാൽ, അതിന് ഇനിയും കടമ്പകളുണ്ട്. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കണം. 12 കി.മീറ്ററിൽ കുറെ ഭാഗം വനത്തിന്‍റെ അതിസൂക്ഷ്മ മേഖലയിലൂടെയാണ് കടന്നു പോകേണ്ടത്. അതിനാൽ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുമതി സങ്കീർണമാണെന്നാണ് അറിയുന്നത്. മലയോരപാത യാഥാർഥ്യമാകുന്നതോടെ തെക്കൻ ജില്ലകളിലേക്കുള്ള യാത്രാ ദൂരം കുറയുകയും. ബംഗളൂരു-കാസർകോട്-വയനാട്-പാലക്കാട് വഴി കോയമ്പത്തൂർ അതിവേഗ ഇടനാഴി എന്ന സ്വപ്നവും ഇതോടെ യാഥാർഥ്യമാകും. തുരങ്കപാത കൂടി യാഥാർഥ്യമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിലും കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

