കാരാപ്പുഴ ഡാം റിസർവോയറിൽ കൊട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാണാതായി
text_fieldsrepresentational image
മേപ്പാടി: കൊട്ടത്തോണി മറിഞ്ഞ് വീട്ടമ്മയെ കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കാണാതായി. വായവറ്റ ഏഴാംചിറ ചീപ്രം ആദിവാസി കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38)യെയാണ് കാണാതായത്. മുട്ടിൽ-മേപ്പാടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഏഴാംചിറ ഭാഗത്തെ കാരാപ്പുഴ ഡാമിന്റെ റിസർവോയറിൽ ഞായറാഴ്ച ഉച്ചക്ക് മൂന്നിനും നാലിനുമിടയിലാണ് അപകടമുണ്ടായത്.
വിറകുശേഖരിക്കാൻ ബാലനും മീനാക്ഷിയും ഒരുമിച്ചാണ് കൊട്ടത്തോണിയിൽ പുറപ്പെട്ടത്. ഇതിനിടെ ചീപ്രം കോളനിക്ക് സമീപത്തെ റിസർവോയർ ഭാഗത്തു കൊട്ടത്തോണി മറിഞ്ഞു. ബാലൻ നീന്തിക്കയറി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പ്രദേശവാസികളടക്കം വിവരം നല്‍കിയതിനെ തുടര്‍ന്ന് കൽപറ്റയിൽനിന്നും സുൽത്താൻബത്തേരിയിൽ നിന്നും അഗ്നിരക്ഷ സേനയെത്തി. അഗ്നിരക്ഷസേനയും നാട്ടുകാരും പൊലീസും ചേർന്ന് വൈകീട്ട് ആറുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കും.

