കാർഷിക വിളകൾ മോഷ്ടിക്കുന്ന സംഘങ്ങൾ സജീവം
text_fieldsകണ്ണമ്പിള്ളി സിബിയുടെ കൃഷിയിടത്തിൽ നിന്ന് മഞ്ഞൾ
മോഷ്ടിക്കപ്പെട്ട നിലയിൽ
മേപ്പാടി: നത്തംകുനി, ഈയ്യംപാറ, മാടക്കര പ്രദേശങ്ങളിൽ കാർഷിക വിളകൾ മോഷ്ടിക്കുന്ന സംഘങ്ങൾ സജീവം. ഇഞ്ചി, മഞ്ഞൾ, കപ്പ, കാപ്പി, കുരുമുളക് എന്നിവ വലിയ തോതിൽ കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ മോഷണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈയ്യംപാറ കണ്ണമ്പിള്ളി സിബിയുടെ കൃഷിയിടത്തിൽനിന്ന് 50 കിലോയോളം മഞ്ഞൾ മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. വേലി പൊളിച്ച് കൃഷിയിടത്തിൽ കയറിയാണ് മഞ്ഞൾ പറിച്ചെടുത്തത്. സിബിയുടെ തന്നെ ഇഞ്ചിയും ഏതാനും ദിവസം മുമ്പ് മോഷ്ടിക്കപ്പെട്ടിരുന്നു. വന്യജീവികളിൽ നിന്ന് പാടുപെട്ടാണ് കർഷകർ കൃഷി സംരക്ഷിക്കുന്നത്. അതിനിടയിലാണ് കൃഷിചെയ്ത ഇഞ്ചിയും മഞ്ഞളും നശിപ്പിക്കുന്നതും മോഷ്ടിക്കുന്നതും. വന്യമൃഗങ്ങളിൽനിന്ന് മാത്രമല്ല മനുഷ്യരിൽ നിന്നും വിളകളെ സംരക്ഷിക്കേണ്ട അവസ്ഥയാണ് പ്രദേശത്തെ കർഷകർക്കുള്ളത്. മോഷ്ടാക്കളെ പിടികൂടാൻ നടപടി വേണമെന്നാണ് കർഷകരുടെ ആവശ്യം.

