റോഡ് തകർന്നാലും നവീകരിച്ചാലും മേപ്പാടിക്കാർക്ക് ദുരിതം
text_fieldsമേപ്പാടി ടൗണിലെ റോഡ് നവീകരണ പ്രവൃത്തി
മേപ്പാടി: ടൗണിലെ റോഡ് പ്രവൃത്തി മാസങ്ങളോളം മുടങ്ങിക്കിടന്നപ്പോഴും ഒരാഴ്ച മുമ്പ് പണി പുനരാരംഭിച്ച ശേഷവും മേപ്പാടിയിലെ ജനങ്ങൾക്ക് ദുരിതം. അതിരൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനം വീർപ്പുമുട്ടുന്നു. പൊടിശല്യം മൂലം വ്യാപാരികളും ദുരിതമനുഭവിക്കുന്നു. ആംബുലൻസുകൾ പോലും ദീർഘനേരം ടൗണിൽ കുരുങ്ങിക്കിടക്കുന്ന സ്ഥിതിയുണ്ട്.
ഡയാലിസിസ് ചെയ്യാൻ പോയ രോഗിക്ക് പോലും വാഹനത്തിൽ നിന്നിറങ്ങി നടന്നുപോകേണ്ട അവസ്ഥയുണ്ടായി. റോഡ് പണി ആരംഭിക്കുന്നതിന് മുമ്പ് വാഹനങ്ങൾ ഗതിമാറ്റി വിടാനുള്ള ക്രമീകരണം ഉണ്ടാക്കിയില്ല എന്നതാണ് ഏറെ തിരക്കുള്ള ടൗണിൽ വാഹനങ്ങൾ വന്നുനിറഞ്ഞ് കുരുങ്ങിക്കിടക്കാൻ കാരണമാകുന്നത്. 225 മീറ്റർ ദൂരമാണ് ടൗണിൽ ടാർ ചെയ്യുന്നത്.
അതിൽ റോഡിന്റെ പകുതി ഭാഗത്തുകൂടി വേണം ഇരു ദിശയിലേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാൻ. അതിനാവശ്യമായ വീതി റോഡിലില്ല. ഇതുമൂലം ഒരാഴ്ചയിലധികമായി ടൗണിൽ ഗതാഗത തടസ്സമാണ്. റോഡ് തകർന്നുകിടന്നപ്പോൾ ടൗണിൽ ഗതാഗതക്കുരുക്ക് പതിവായിരുന്നു. റോഡ് നവീകരണ പ്രവൃത്തി ആരംഭിച്ച ശേഷം അത് ഇരട്ടിയായി.

