കാപ്പി ഉണക്കാനും ഇനി യന്ത്ര സഹായം
text_fieldsപുറ്റാട് സ്വദേശി കെ.പി. ബെന്നി യന്ത്രത്തിന്റെ പ്രവർത്തനം
വിശദീകരിക്കുന്നു
മേപ്പാടി: കാപ്പി ഉണക്കാൻ ഇനി വെയിലിനായി കാത്തുനിൽക്കേണ്ട, മാനത്ത് മഴക്കാർ കണ്ടാൽ നെഞ്ചിടിപ്പിന്റെ ആവശ്യവുമില്ല. 10 മണിക്കൂർ കൊണ്ട് ഒന്നര ടൺ പഴുത്ത കാപ്പി ഉണക്കിയെടുക്കാൻ കഴിയുന്ന യന്ത്ര സംവിധാനം പ്രചാരത്തിലാകുന്നു. പുറ്റാട് സ്വദേശിയും കാപ്പി കർഷകനുമായ കെ.പി. ബെന്നി ഈ യന്ത്രം സ്ഥാപിച്ചു കഴിഞ്ഞു. സിംഗിൾ ഫേസ് വൈദ്യുതി കണക്ഷനേ ഇതിനാവശ്യമുള്ളു. രണ്ട് എച്ച്.പി മോട്ടോറിലും അര എച്ച്.പി മോട്ടോറിലും പ്രവർത്തിക്കുന്ന രണ്ട് ബ്ലോവറുകളാണിതിന് വേണ്ടത്.
പഴുത്ത കാപ്പി ഉണക്കാൻ ഉപകരിക്കുന്ന യന്ത്രം
ഒന്നര ടൺ കാപ്പിക്കുരു നിറക്കാൻ കഴിയുന്ന ക്യാബിൻ, കുറച്ച് വിറകിട്ട് കത്തിക്കാനുള്ള സൗകര്യം ഇത്രയുമാണ് ഡ്രയറിന്റെ ഭാഗങ്ങൾ. വിറക് കത്തിക്കുന്ന ക്യാബിനിൽ നിന്ന് ബ്ലോവർ ഉപയോഗിച്ച് ഓക്സിജൻ കടത്തിവിട്ട് ചൂട് 50 ഡിഗ്രി മുതൽ 80 ഡിഗ്രി വരെ ഉയർത്തി കാപ്പി നിറച്ച ക്യാബിനിലേക്ക് തുടർച്ചയായി കടത്തിവിടുന്നു. 10 മണിക്കർ കൊണ്ട് ഒന്നര ടൺ പഴുത്ത കാപ്പിക്കുരു ഉണക്കാൻ ഇത് ധാരാളമാണ്. ഇടുക്കിയിലാണ് യന്ത്രത്തിന്റെ ഉൽപാദനം.
20 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മുറിയിൽ ഇത് സ്ഥാപിക്കാൻ കഴിയും. ആകെ ഏഴുലക്ഷം ചെലവിൽ ഈ സംവിധാനം ഒരുക്കാൻ കഴിയുമെന്ന് ബെന്നി പറയുന്നു. വയനാട്ടിൽ ചിലയിടങ്ങളിൽ ഈ യന്ത്രം സ്ഥാപിച്ചു വരുന്നുണ്ട്. ഭാവിയിൽ ഇതിന് പ്രചാരമേറാൻ സാദ്ധ്യതയുണ്ടെന്ന് ബെന്നി പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.