മേപ്പാടി സ്കൂൾ ജങ്ഷനിൽ വീണ്ടും വാഹനാപകടം
text_fieldsമേപ്പാടി: സ്പീഡ് ബ്രേക്കർ സ്ഥാപിച്ച ശേഷവും സെന്റ് ജോസഫ്സ് സ്കൂൾ ജങ്ഷനിൽ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ് ടിപ്പർ ലോറിയിലും കാറിലും ഇടിച്ചാണ് അപകടമുണ്ടായത്. ബസിലെ യാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു. വടുവഞ്ചാൽ ഭാഗത്തു നിന്ന് മേപ്പാടിയിലേക്ക് വരികയായിരുന്ന ഇറക്കത്തിൽവെച്ച് പെട്ടെന്ന് വേഗകുറക്കാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. മഴ പെയ്തതിനാൽ റോഡ് നനഞ്ഞുകുതിർന്നിരിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 13ന് ബൈക്ക് യാത്രികർ അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് പിറ്റേന്ന് സെന്റ് ജോസഫ്സ് യു.പി സ്കൂളിന് മുൻ വശത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. എന്നാൽ പെട്രോൾ പമ്പിനും സെന്റ് ജോസഫ്സ് കോൺവെന്റിനുമിടയിലാണ് അത് സ്ഥാപിക്കേണ്ടിയിരുന്നതെന്ന അഭിപ്രായമാണ് ഇപ്പോൾ ഉയരുന്നത്. വേഗതയിൽ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. ഈ ഭാഗത്തെ വേഗത നിയന്ത്രിക്കാനാണ് നടപടിയുണ്ടാവേണ്ടതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

