മംഗളൂരു ആൾക്കൂട്ടക്കൊല; ഇനിയാർക്കും ഈ ഗതി ഉണ്ടാവരുതെന്ന് അഷ്റഫിന്റെ മാതാപിതാക്കൾ
text_fieldsഅഷ്റഫിന്റെ മാതാപിതാക്കൾ
പുൽപള്ളി: മംഗളൂരുവിൽ സംഘ്പരിവാർ പ്രവർത്തകരുടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപള്ളി മൂച്ചിക്കാടൻ അഷ്റഫിന്റെ വേർപാടിൽ മനംനൊന്ത് മാതാപിതാക്കളായ കുഞ്ഞീദ് കുട്ടിയും റുഖിയയും. മകന്റെ വിയോഗം ഇവരെ ഏറെ തളർത്തി. ചെറുപ്പകാലത്ത് പുൽപള്ളിയിലായിരുന്നു അഷ്റഫിന്റെ പഠനം. ഒമ്പതാം ക്ലാസിൽ പഠിക്കവെ മാനസിക പ്രശ്നങ്ങൾ ഉണ്ടായി. പിന്നീട് പഠനം നിലച്ചു.
ഒട്ടേറെ ആശുപത്രികളിൽ ചികിത്സ നൽകി. ഈ കാരണത്താൽ പല നാടുകളിലൂടെയായി പിന്നീട് ജീവിതം. എല്ലാവർക്കും എല്ല സഹായവും ചെയ്യുന്നയാളായിരുന്നു തങ്ങളുടെ മകനെന്നും പരോപകാരിയായ അവൻ ഒരു രാഷ്ട്രീയ പക്ഷത്തുമുണ്ടായിട്ടില്ലെന്നും പിതാവ് കുഞ്ഞീദ് കുട്ടി പറയുന്നു. രണ്ടു മാസം മുമ്പ് നാട്ടിൽ വന്ന് മടങ്ങിയശേഷം അഷ്റഫിനെക്കുറിച്ച് ഒരുവിവരവും ഇടക്കാലത്ത് ലഭിച്ചിരുന്നില്ല.
ഇടക്കിടെ മാനസിക അസ്വാസ്ഥ്യം ഉണ്ടാവാറുണ്ടായിരുന്നു. ഒടുവിൽ വീട്ടിലേക്ക് വിളിച്ചത് രണ്ടു മാസം മുമ്പാണ്. അതും മറ്റാരുടെയോ ഫോണിൽ നിന്നാണ്. ആക്രി വസ്തുക്കൾ പെറുക്കിയായിരുന്നു ഉപജീവനം. മകനെ കൊന്ന മുഴുവനാളുകൾക്കും ശിക്ഷ ലഭിക്കേണ്ടതുണ്ട്. നിരപരാധിയായ മകന്റെ മരണം ജീവിതകാലം മുഴുവൻ നോവായി ഉണ്ടാകുമെന്നും ഇവർ പറഞ്ഞു.
അഷ്റഫിന്റെ മാതാപിതാക്കളും ഒരു സഹോദരനും പുൽപള്ളിയിലാണ് താമസിക്കുന്നത്. മറ്റുള്ളവർ കോട്ടക്കലിലാണ്. പിതാവ് കുഞ്ഞീദ്കുട്ടി വർഷങ്ങളായി പുൽപള്ളി ബസ് സ്റ്റാൻഡിൽ സ്റ്റേഷനറി കട നടത്തുകയാണ്. ഇദ്ദേഹവും ഭാര്യ റുഖിയയും പുൽപള്ളി പാലമൂലയിൽ വാടകവീട്ടിലാണ് താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

