പുലിഭീതിയിൽ മംഗലശ്ശേരി ഗ്രാമം; പശുക്കിടാവിനെ പുലി ഭക്ഷിച്ചു
text_fieldsവെള്ളമുണ്ട: പുലി ഭീതിയിൽ മംഗലശ്ശേരി ഗ്രാമം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിന്റെയും രണ്ടാം വാർഡിന്റെയും അതിരിലുള്ള മംഗലശ്ശേരി മലയിലാണ് ശനിയാഴ്ച രാത്രിയിൽ പുലി പശുക്കിടാവിനെ കൊന്ന് തിന്നത്. മംഗലശ്ശേരി പുല്ലം കന്നപ്പള്ളിൽ ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്.
വനപാലകർ സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. പ്രദേശത്ത് പുലിയുടെ സാന്നിധ്യം കുറച്ച് കാലമായി ഉള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ ശ്രദ്ധിച്ചിരുന്നില്ല. പുലിയുടെ കാൽപാടിന്റെ ചിത്രമടക്കം ഒന്നാം വാർഡ് മെംബർ വനംവകുപ്പിന് നൽകിയിരുന്നെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, നഖം മണ്ണിൽ പതിഞ്ഞതിനാൽ പൂച്ചപ്പുലിയാണെന്ന മറുപടിയാണ് ലഭിച്ചത്.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പുലിയുടെ ആക്രമണം ഉണ്ടായ പ്രദേശത്തിനോട് ചേർന്നുള്ള ഉന്നതിയിലെ കുടുംബങ്ങളും ഭീതിയിലാണ്. എത്രയും വേഗം പുലിയെ പിടികൂടി പ്രദേശത്തെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തെതുടർന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
10 കാമറകൾ ഉടൻ പ്രദേശത്ത് സ്ഥാപിക്കാൻ തീരുമാനമായി. പശുക്കിടാവിനെ നഷ്ടപ്പെട്ടകുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകും, പ്രദേശത്ത് കൂട് സ്ഥാപിക്കും, പൊലീസിന്റെയും വനം വകുപ്പിന്റെയും സംയുക്തനിരീക്ഷണം രാത്രി സമയങ്ങളിലും ഉണ്ടാകും, പ്രദേശവാസികളുടെ ഭീതി അകറ്റുന്നതിന് നടപടി സ്വീകരിക്കും, പ്രദേശത്തോട് ചേർന്ന വനത്തിലെ അടിക്കാടുകൾ വെട്ടി മാറ്റും, സ്വകാര്യതോട്ടങ്ങളിലെ കാടുകൾ വെട്ടുന്നതിനുള്ള നടപടി പഞ്ചായത്ത് ഇടപെട്ട് സ്വീകരിക്കും തുടങ്ങിയ തീരുമാനങ്ങളും യോഗത്തിൽ അംഗീകരിച്ചു. മാനന്തവാടി റേഞ്ച് ഓഫിസർ റോസ്മേരി ജോസ്, വെള്ളമുണ്ട എസ്.ഐ സാദിർ തലപ്പുഴ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

