പ്രതിഷേധവുമായി യുവജന സംഘടനകൾ; ജില്ല മാനസികാരോഗ്യ കേന്ദ്രം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു
text_fieldsയൂത്ത് കോൺഗ്രസ് ഡി.എം.ഒ ഓഫിസ് ഉപരോധം
മാനന്തവാടി: യുവജന സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെ മെഡിക്കൽ കോളജായി ഉയർത്തിയ മാനന്തവാടി ജില്ല ആശുപത്രിയിൽ പ്രവർത്തിച്ചു വന്നിരുന്ന ജില്ല മാനസികാരോഗ്യകേന്ദ്രം കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ ഉത്തരവ് ജില്ല മെഡിക്കൽ ഓഫിസർ ഡോ.വി.കെ. രാജൻ മരവിപ്പിച്ചു.
ഡിസംബർ 30നായിരുന്നു ഉത്തരവ്. ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റയിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് വ്യാഴാഴ്ച 'മാധ്യമം' വാർത്ത നൽകിയിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവജനസംഘടനകൾ രാവിലെ പത്തോടെ മാനന്തവാടിയിലെ ഡി.എം.ഒ ഓഫിസിലേക്ക് പ്രതിഷേധം നടത്തിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം ഡി.എം.ഒ ഓഫിസ് ഉപരോധിച്ചത്. പിന്നാലെ എ.ഐ.വൈ.എഫ് പ്രവർത്തകരുമെത്തി. ഇരുകൂട്ടരെയും പൊലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ഓഫിസിനുള്ളിലേക്ക് തള്ളിക്കയറി. ഇത് പിൻവലിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തുടർന്ന് നടത്തിയ ചർച്ചയിൽ മരവിപ്പിച്ച ഉത്തരവ് ഡി.എം.ഒ ഇറക്കിയതോടെ പ്രതിഷേധക്കാർ സമരം അവസാനിപ്പിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ എം.ജി. ബിജു, എ.എം. നിഷാന്ത്, ബൈജു പുത്തൻപുരക്കൽ, വിനോദ് തോട്ടത്തിൽ, ജോയ് സി. ഷാജു, മീനാക്ഷി രാമൻ, അസീസ് വാളാട് എന്നിവർ നേതൃത്വം നൽകി. എ.ഐ.വൈ.എഫ് സമരത്തിന് നിഖിൽ പത്മനാഭൻ, കെ.പി. വിജയൻ, കെ. സജീവൻ, കെ.ബി. ജ്യോതിഷ്, കെ.വി. ഷിനോജ് എന്നിവരും നേതൃത്വം നൽകി.
മാനസികാരോഗ്യ പദ്ധതി മാനന്തവാടിയിൽനിന്ന് കൽപറ്റയിലേക്ക് മാറ്റുന്നതിൽ ആശങ്ക ഉയർന്നിരുന്നു. പദ്ധതിക്ക് കീഴിൽ മാനന്തവാടി താലൂക്കിൽ അഞ്ഞൂറോളം രോഗികളാണുള്ളത്. ഇതിൽ ഇരുനൂറ് പേരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. എല്ലാ മാസവും പി.എച്ച്.സികൾ കേന്ദ്രീകരിച്ച് നടത്തുന്ന ക്യാമ്പിൽ വെച്ച് രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു വരുകയായിരുന്നു.
രണ്ട് സൈക്യാട്രിസ്റ്റുകളും ഒരു സ്റ്റാഫ് നഴ്സും ഒരു സോഷ്യൽ വർക്കറുമാണ് കേന്ദ്രത്തിൽ ഉള്ളത്. ജില്ല മാനസികാരോഗ്യ പദ്ധതിയുടെ നോഡൽ ഓഫിസറായി കൽപറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോ. ജോസ്റ്റിൻ ഫ്രാൻസിസിനെയാണ് നിയോഗിച്ചിട്ടുള്ളത്.
ഭരണസൗകര്യാർഥം ജില്ല മാനസികാരോഗ്യ പദ്ധതി കൽപറ്റ ജനറൽ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന നോഡൽ ഓഫിസറുടെ അപേക്ഷയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 30നാണ് ഡി.എം.ഒയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി. ദിനീഷ് ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

