വയനാടിന്റെ പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കം
text_fieldsമാനന്തവാടി: വയനാടിന്റെ പ്രഥമ ലിറ്ററേച്ചർ ഫെസ്റ്റിന് (ഡബ്ല്യു.എൽ.എഫ്) മാനന്തവാടി ദ്വാരകയിൽ തുടക്കമായി. സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.എഴുത്തിൽനിന്നും വായനയിൽനിന്നും യുവതലമുറ മാറിനിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമായിരിക്കും ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാഹിത്യരംഗത്തെ കുതിപ്പിന് കൂട്ടായ്മക്ക് സാധിക്കട്ടേയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയ മാനം നൽകാൻ ഡബ്ല്യു.എൽ.എഫിന് കഴിഞ്ഞെന്നും രാഹുൽ ഗാന്ധി എം.പി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് സംസാരിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് സ്വാഗതവും ക്യുറേറ്റർ ഡോ. ജോസഫ് കെ. ജോബ് നന്ദിയും പറഞ്ഞു. ‘കുപ്പിച്ചില്ല് നട്ടാലും മൂന്നാംദിനം അതു മുളച്ചുപൊന്തുന്ന അസാധാരണമായ ഇടമാണ് വയനാട്’ എന്ന് എഴുത്തുകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. ‘എഴുത്തിന്റെ വയനാടൻ ഭൂമിക’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ജെ. ബേബി, ഷീല ടോമി, കെ.യു. ജോണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷാജി പുൽപള്ളി മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

