വിസ വാഗ്ദാന തട്ടിപ്പ്; ഷാനിന്റെ പേരിൽ വയനാട്ടിലും കേസ്
text_fieldsഷാൻ
മാനന്തവാടി: ബ്രിട്ടനിലേക്കുള്ള വിസ വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കൊല്ലം മുണ്ടക്കൽ ലക്ഷ്മി നഗർ ഷാൻ വില്ലയിൽ എസ്. ഷാനി(40)ന്റെ പേരിൽ വയനാട്ടിലും കേസ്. മാനന്തവാടി കണിയാരം കുറ്റിമൂല സ്വദേശിയിൽ നിന്ന് നാലര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് മാനന്തവാടി പോലീസ് കേസെടുത്തത്. ഷാനിന്റെ പേരിൽ മരട്, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്ത ഷാൻ കൂത്തുപറമ്പ് സബ് ജയിലിൽ തടവിലാണ്. ഇവിടെയെത്തിയാണ് മാനന്തവാടി എസ്.ഐ എം.സി. പവനൻ ഷാനിന്റെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 22നു മുഴക്കുന്ന് പൊലീസ് ഇൻസ്പെക്ടർ എ.വി. ദിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഷാനിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നു പിടികൂടിയത്. മുഴക്കുന്ന് എസ്.ഐ എൻ. വിപിനും സംഘവുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കാക്കയങ്ങാട് എടത്തൊട്ടി സ്വദേശിയിൽ നിന്നു 11.32 ലക്ഷം രൂപ തട്ടിയ കേസിലാണ് ഷാനിനെ മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്തത്. 2022ലാണ് കേസിനാസ്പദമായ സംഭവം. വിസ കിട്ടാതായതോടെ നിരവധി തവണ സമീപിച്ചപ്പോൾ നാല് ലക്ഷം രൂപ മടക്കി നൽകി.
തുടർന്ന് നോർക്ക സെല്ലിനെ സമീപിക്കുകയായിരുന്നു. നോർക്ക സെൽ വഴിയാണ് മുഴക്കുന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിദേശത്തേക്ക് കടന്ന ഷാനിനായി പൊലീസ് ലുക്കൗട്ട് നോട്ടീസുൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

