വരയാലിലെ കലുങ്ക് പുനർനിർമിച്ചില്ല; മരപ്പാലവും തകർന്നു, യാത്രാദുരിതം
text_fieldsവരയാലിലെ അപകടാവസ്ഥയിലായ മരപ്പാലം
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ വരയാലിൽ തകർന്ന കലുങ്ക് രണ്ടുവർഷമായിട്ടും പുനർനിർമിച്ചില്ല. താൽക്കാലിക മരപ്പാലവും തകർന്നതോടെ നാട്ടുകാർ യാത്രാദുരിതത്തിലായി. 2019ലെ പ്രളയത്തിലാണ് മാനന്തവാടി-തലശ്ശേരി റോഡിനെ ബന്ധിപ്പിക്കുന്ന വരയാലിലെ കലുങ്ക് തകർന്നത്. ശക്തമായ മലവെള്ളപ്പാച്ചിലിൽ കലുങ്കിന് ഇരുഭാഗത്തെയും കെട്ട് തകരുകയായിരുന്നു. തുടർന്ന് മാസങ്ങളോളം നാട്ടുകാരുടെ ഇതുവഴിയുള്ള യാത്ര മുടങ്ങി.
മഴക്കാലം കഴിഞ്ഞ് നാട്ടുകാർ മരപ്പലക ഉപയോഗിച്ച് താൽക്കാലിക പാലം നിർമിച്ചു. നിലവിൽ അതിലൂടെയാണ് യാത്ര. എന്നാൽ, പാലത്തിെൻറ പലകകൾ ജീർണിച്ച് ഇളകിത്തെറിച്ചതോടെ ഇതിലൂടെയുള്ള യാത്രയും പ്രയാസമായി. ചെറിയ വാഹനങ്ങൾ ഈ മരപ്പാലത്തിലൂടെ ഓടിയിരുന്നു. ഇപ്പോൾ ബൈക്കിന് പോലും പോകാൻ കഴിയില്ല. പലരും വാഹനവുമായി ഇവിടെവരെ എത്തിയാൽ മടങ്ങേണ്ടിവരുന്നു.
പേര്യ, തലശ്ശേരി, മാനന്തവാടി ഭാഗങ്ങളിലേക്ക് പോകാൻ നിത്യേന നിരവധി പേരാണ് ഈ പാലം ആശ്രയിക്കുന്നത്. വാഹനങ്ങൾക്ക് ഇതിലൂടെ ഓടാനാവാത്തതിനാൽ നിർമാണ സാമഗ്രികളും മറ്റും പ്രദേശത്തേക്ക് എത്തിക്കാനാവാത്തത് നാട്ടുകാരെ പ്രയാസപ്പെടുത്തുന്നു.
വരയാൽ പ്രദേശത്തേക്ക് വാഹനവുമായി എത്തണമെങ്കിൽ 43ാം മൈൽ, പാറത്തോട്ടം എന്നീ വഴികളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണിപ്പോൾ. വരയാൽ 41ാം മൈലിലും സ്ഥിതി സമാനമാണ്. ഇവിടെയും കലുങ്ക് തകർന്നതിനുശേഷം ചെറിയ മരപ്പാലമാണുള്ളത്. ഇതും അപകടാവസ്ഥയിലാണ്.
കലുങ്ക് പുനർനിർമിക്കാനും അനുബന്ധ റോഡ് നവീകരണത്തിനും 1.35 കോടിയുടെ പദ്ധതി സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, കലുങ്ക് എന്ന് യാഥാർഥ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മഴക്കാലത്തിന് മുമ്പെങ്കിലും പുനർനിർമിച്ച് യാത്രാസൗകര്യം ഒരുക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

