മകര മാസത്തിൽ അപ്രതീക്ഷിത മഴ; നെൽകർഷകർക്ക് തിരിച്ചടി
text_fieldsമഴയെ തുടർന്ന് പാടത്ത് നിർത്തിയിട്ടിരിക്കുന്ന കൊയ്ത്ത് വാഹനം. മാനന്തവാടിയിലെ പാടത്തെ കാഴ്ച
മാനന്തവാടി: പതിവില്ലാതെ മകര മാസത്തിൽ അപ്രതീക്ഷിതമായി മഴയെത്തിയത് നെൽകർഷകർക്ക് വലിയ തിരിച്ചടിയായി. ബുധനാഴ്ച പുലർച്ചെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വലിയതും ചെറിയതുമായ പാടശേഖരങ്ങളിലെല്ലാം നെല്ല് വിളഞ്ഞ് നിൽക്കുന്ന സമയമാണിപ്പോൾ. ചിലയിടങ്ങളിൽ കൊയ്ത് ഇടുകയും ചെയ്തു.
തൊഴിലാളി ക്ഷാമം മൂലം യന്ത്രത്തിന്റെ ലഭ്യതക്കനുസരിച്ചാണ് നെല്ല് കൊയ്ത് മെതിച്ചെടുക്കുന്നത്. പ്രതീക്ഷിക്കാതെ എത്തിയ മഴ നെല്ലും പുല്ലും നനയാനിടയാക്കി. നനഞ്ഞ നെല്ല് ഉണക്കി എടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പൂത്ത് നശിച്ചുപോകും. പുല്ല് ചീഞ്ഞ് പോവുകയും ചെയ്യും. ഇത് ക്ഷീരമേഖലയെ കൂടി ആശ്രയിക്കുന്ന നെൽകർഷകരെയാണ് പ്രയാസത്തിലാക്കുന്നത്. വേനൽ ആരംഭിച്ചതോടെ തീറ്റപ്പുല്ലിന് ക്ഷാമം നേരിടുമ്പോൾ കർഷകരുടെ പ്രതീക്ഷയായിരുന്നു വൈക്കോൽ.
നല്ല കുത്തരിയുടെ കഞ്ഞി കുടിക്കണമെന്ന ആഗ്രഹത്തിലാണ് ചെറുകിട കർഷകർ ഉൾപ്പെടെ ഉൽപാദന ചെലവ് വർധന നോക്കാതെ നെൽകൃഷി ചെയ്തത്. തുടർ ദിവസങ്ങളിലും മഴ പെയ്താൽ കർഷകർക്ക് ഇരുട്ടടിയാണ് സമ്മാനിക്കുക.
കൃഷി നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൃഷിഭവനെ സമീപിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് കർഷകർ ആരോപിക്കുന്നു. വർഷങ്ങളായി കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
മഴയും മഞ്ഞും; കാപ്പി പൂത്തു
പുൽപള്ളി: കഴിഞ്ഞ ദിവസം വയനാട്ടിലുണ്ടായ ശക്തമായ മഞ്ഞിന്റെ കരുത്തിൽ കാപ്പിച്ചെടികൾ പൂത്തു. പലയിടത്തും വിളവെടുപ്പ് പൂർത്തിയാക്കുന്നതിന് മുമ്പാണ് കാപ്പിച്ചെടികൾ പൂവിട്ടത്. തുടർമഴ ലഭിച്ചില്ലെങ്കിൽ പൂക്കൾ കരിഞ്ഞുണങ്ങാൻ സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ പലയിടത്തും മഴ ലഭിച്ചിരുന്നു. ഈ മഴയും കാപ്പി പൂക്കാൻ കാരണമായി. ശക്തമായ വെയിലാണ് ഇപ്പോൾ. ഇനിയുള്ള ദിവസങ്ങളിൽ ഈർപ്പം നിലനിന്നാൽ മാത്രമേ പൂക്കൾ നിൽക്കുകയുള്ളൂ. പൂക്കൾ കൊഴിഞ്ഞുപോയാൽ വരും വർഷത്തെ കാപ്പി ഉൽപാദനത്തെ കാര്യമായി ബാധിക്കും. മികച്ച വിലയാണ് കാപ്പിക്കിപ്പോൾ. വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചാൽ കാപ്പി ഉൽപാദനം വർധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

