ഇരട്ടക്കൊല: പരിക്കേറ്റ യുവാവിനെ വീണ്ടും വിളിപ്പിച്ചു
text_fieldsമാനന്തവാടി: പനമരം താഴെ നെല്ലിയമ്പം കാവടത്ത് റിട്ട. അധ്യാപകനും ഭാര്യയും കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിനെ പൊലീസ് വീണ്ടും വിളിപ്പിച്ചു.
ശരീരത്തിൽ പരിക്കേറ്റ യുവാവിനെ ചോദ്യം ചെയ്ത് വിട്ടിരുന്നെങ്കിലും വീണ്ടും വിളിപ്പിക്കുകയായിരുന്നു. ഇയാളുടെ അടുപ്പക്കാരനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റതെങ്ങനെയെന്ന് കൃത്യമായി പറയാതിരുന്നതിനെ തുടർന്നാണ് യുവാവിനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ചയാണ് കാവടം പത്മാലയത്തിൽ കേശവൻ മാസ്റ്റർ (72), ഭാര്യ പത്മാവതി (68) എന്നിവർ മുഖാവരണധാരികളായ രണ്ടുപേരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

