കുറുക്കന്മൂലയിലെ കടുവ; തിരച്ചിൽ തുടരുന്നു; ഫലമില്ലാതെ
text_fieldsമാനന്തവാടി: 26 ദിവസമായി ഭീതി വിതച്ച കടുവയെ പിടികൂടാനായി പതിനേഴാം ദിവസവും നടത്തിയ തിരച്ചിൽ വിഫലം. തോൽപ്പെട്ടി വന്യജീവിസങ്കേതം, ദേവട്ടം, അമ്മാനി, കുറുക്കന്മൂല, നരിമാന്തിക്കൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളിലായാണ് നാലു സംഘങ്ങളായി തിരച്ചിൽ നടത്തിയത്.
ഏഴു ദിവസമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കാത്തത് ആശ്വാസം നൽകുമ്പോഴും കടുവയുടെ സാന്നിധ്യം കണ്ടെത്താനാകാത്തതും കാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിയാത്തതും വനം വകുപ്പിന് തലവേദന സൃഷ്ട്ടിക്കുകയാണ്. പരിക്കേറ്റ് അവശനിലയിലായ കടുവ ചത്തിരിക്കാമെന്ന അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് ഈ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരച്ചിൽ ഇനിയും തുടരും.
വനംവകുപ്പ് നടപടികള്‍ അപര്യാപ്തമെന്ന് റവന്യൂ വകുപ്പ്
മാനന്തവാടി: മുനിസിപ്പാലിറ്റിയിലെ കുറുക്കന്മൂല, പുതിയിടം, പയ്യമ്പള്ളി പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനടുത്തായി നിലനില്‍ക്കുന്ന കടുവഭീഷണി പരിഹരിക്കുന്നതിന് വനംവകുപ്പ് കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും റവന്യൂ വകുപ്പ് ജില്ല കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി സൂചന. കടുവക്കായി നടത്തുന്ന നിലവിലെ തിരച്ചിലുകളും നടപടികളും അപര്യാപ്തമാണെന്ന് റിപ്പോർട്ടിൽ റവന്യൂ വകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരാഴ്ച മുമ്പ് പ്രദേശത്ത് രണ്ടു തഹസില്‍ദാര്‍മാരെ മജിസ്ട്രേറ്റ് ചുമതല നല്കി ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ നിയമിച്ചിരുന്നു. ഇവര്‍ ഓരോ ആഴ്ചയും വിശദമായ റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് നല്‍കാനും നിർദേശിച്ചിരുന്നു. ഇതുപ്രകാരം കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടിലാണ് വനം വകുപ്പിെൻറ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നതായി സൂചനയുള്ളത്.
തിരച്ചിലിനുള്പ്പെടെ നേതൃത്വം നല്കുന്ന വനപാലകസംഘം കൃത്യമായ വിവരങ്ങള്‍ ജനപ്രതിനിധികളെയും മാധ്യമങ്ങളെയും നാട്ടുകാരെയും അറിയിക്കുന്നില്ലെന്ന് പരാതിയുണ്ട്. പ്രദേശത്ത് ഇനിയൊരു കടുവാ ആക്രമണമുണ്ടായാല്‍ നാട്ടുകാര്‍ പ്രകോപിതരായേക്കുമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ നില്‍ക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആധുനിക സൗകര്യങ്ങളുപയോഗിച്ച് രാത്രിയിലുള്‍പ്പെടെ തിരച്ചിൽ നടത്തണമെന്ന് റിപ്പോർട്ടിൽ നിർദേശിക്കുന്നു.
കടുവ വിഷയത്തിൽ അവലോകന യോഗം
മാനന്തവാടി: കഴിഞ്ഞ 26 ദിവസമായി കുറുക്കന്മൂല പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാനാകാതെ നാടാകെ ഉഴലുമ്പോൾ ജില്ല ഭരണകൂടം ഈ വിഷയം ചർച്ചചെയ്യാൻ കൂടിയ അവലോകന യോഗത്തെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് 45 മിനിറ്റ് മാത്രം മുമ്പെന്ന് ആക്ഷേപം. കടുവക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഉദ്യോഗസ്ഥർക്ക് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ യോഗത്തിനെത്താൻ കഴിയുമായിരുന്നില്ല.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഒ.ആർ. കേളു എം.എൽ.എയുടെഅധ്യക്ഷതയിൽ യോഗം ചേർന്നത്.
ജില്ല കലക്ടർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തെങ്കിലും തിരച്ചിൽ അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ആളില്ലാതായി.
ഈ സമയം, നോർത്ത് വയനാട് ഡി.എഫ്.ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ നാഗർഹോള അതിർത്തി വനമേഖലകളിൽ കാമറ സ്ഥാപിക്കുന്നതിൽ വ്യാപൃതരായിരുന്നുവെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

