വയനാട് ജില്ലയിൽ മൂന്ന് അഗ്നിരക്ഷ യൂനിറ്റുകൾ കൂടി വരുന്നു
text_fieldsമാനന്തവാടി: വയനാട്ടിൽ മൂന്ന് അഗ്നിരക്ഷാ യൂനിറ്റുകൾ കൂടി വരുന്നു. പ്രകൃതി ദുരന്തങ്ങൾ അടക്കം വിവിധ പ്രതിസന്ധികൾക്കു ഏറെ സാധ്യതയുള്ള വയനാടിനു ഇത് ഏറെ ഗുണകരമാകും. മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന്റെയും മഴക്കാലത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലയിൽ മൂന്ന് അഗ്നിരക്ഷ യൂനിറ്റുകൾ കൂടി സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത്. തൊണ്ടർനാട്, പനമരം, വൈത്തിരി എന്നിവിടങ്ങളിലാണ് യൂനിറ്റുകൾ സ്ഥാപിക്കുകയെന്ന് ഫയർഫോഴ്സ് ഡയരക്ടർ ജനറൽ നിഥിൻ അഗർവാൾ പറഞ്ഞു. അത്യാധുനിക സംവിധാനത്തോടുകൂടിയ യൂനിറ്റുകളാണ് സ്ഥാപിക്കുക. ആവശ്യമായ ജീവനക്കാർക്ക് പരിശീലനം നൽകി തുടങ്ങിയിട്ടുണ്ട്.
തുടക്കത്തിൽ വാടക കെട്ടിടങ്ങളിലായിരിക്കും പ്രവർത്തനം ആരംഭിക്കുക. സ്വന്തമായി കെട്ടിട സൗകര്യം ഉണ്ടാവുമ്പോൾ അങ്ങോട്ട് മാറും. നിലവിൽ മാനന്തവാടി, കൽപറ്റ, ബത്തേരി എന്നിവിടങ്ങളിലായി മൂന്ന് അഗ്നിരക്ഷാ യൂനിറ്റുകളാണുള്ളത്. ഇവയെല്ലാം സ്വന്തം കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. മാനന്തവാടിയിൽ വള്ളിയൂർക്കാവ് പുഴ തീരത്താണ് ഓഫിസ്. മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ അവിടെ നിന്ന് മാറേണ്ട സ്ഥിതിയാണ്. പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം ഊർജിതമായി നടന്നു വരികയാണ്. തൊണ്ടർനാട് സ്റ്റേഷൻ യാഥാർഥ്യമാകുന്നത് തൊട്ടിൽ പാലം, കുറ്റ്യാടി മേഖലയിലുള്ളവർക്ക് കൂടി ഉപകാരപ്രദമാകും. മുണ്ടക്കൈ ഉരുൾ ദുരന്തത്തിൽ രക്ഷാ-സേവന പ്രവർത്തനങ്ങളിൽ അഗ്നിരക്ഷ സേനയുടെ പങ്ക് വലുതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

