നെൽക്കർഷകർക്ക് ഉപകാരമില്ല, വെറുതെയീ ജലസേചന പദ്ധതികൾ
text_fieldsമാനന്തവാടി: നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ജലസേചന പദ്ധതികൾകൊണ്ട് ഒരു പ്രയോജനവുമില്ല. മൂന്നു പതിറ്റാണ്ടു മുമ്പ് പ്രവൃത്തി പൂർത്തിയാക്കിയ പായോട് നോർത്ത്, സൗത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളാണ് നോക്കുകുത്തികളായത്. 1990- 92 കാലഘട്ടത്തിലാണ് ചാമാടിപ്പൊയിലിൽ പായോട് സൗത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടേയും എടവക അഗ്രഹാരത്ത് പായോട് നോർത്ത് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടേയും പ്രവൃത്തി പൂർത്തിയാക്കിയത്. യന്ത്രസാമഗ്രികളും അനുബന്ധ പമ്പ്ഹൗസുകളും സ്ഥാപിച്ചെങ്കിലും ഇതുവരെ ഇതുവഴി വെള്ളം പമ്പ് ചെയ്തിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ജലസേചന പദ്ധതികൾകൊണ്ട് കർഷകർക്ക് പ്രയോജനമൊന്നുമില്ലെങ്കിലും വർഷാവർഷങ്ങളിൽ അറ്റകുറ്റപ്പണിക്ക് കുറവൊന്നുമില്ല.
എടവക പഞ്ചായത്തിലെ എടവക, നല്ലൂർ നാട് വില്ലേജുകളിലായി മുണ്ടോംവയൽ, മുത്താറിമൂല, മാങ്ങലാടി, പയിങ്ങാട്ടിരി എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 250 ഏക്കർ വയലുകളിൽ നെൽകൃഷിക്കും, കരകൃഷിക്കും വെള്ളം എത്തിക്കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തതത്. മൈനർ ഇറിഗേഷൻ വകുപ്പ് ഒരു കോടിയിലധികം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. രണ്ട് സംഭരണികൾ, വെള്ളം എത്തിക്കുന്ന പൈപ്പുകൾ, വെള്ളം വിതരണം ചെയ്യുന്ന പൈപ്പുകൾ എന്നിവയാണ് ഇതിന്റെ ഭാഗമായി സ്ഥാപിച്ചത്. നെൽക്കർഷർക്ക് ഉപകാരപ്പെടുമെന്നു കരുതി പദ്ധതിക്കായി നിരവധി കർഷകർ തങ്ങളുടെ കൃഷിയിടങ്ങളും വിട്ട് നൽകിയിരുന്നു. രണ്ടിടങ്ങളിലും വൈദ്യുതിക്കായി ട്രാൻസ്ഫോർമറുകൾ ഉൾപ്പെടെ സ്ഥാപിച്ചെങ്കിലും വെള്ളം പമ്പ് ചെയ്തിട്ടില്ല.
മോട്ടോറുകൾ പൂർണമായും ഉപയോഗയോഗ്യമല്ലാതായി മാറിയിട്ടുണ്ട്. കനാലുകളിൽ സ്ഥാപിച്ച പൈപ്പുകളും നശിച്ചു തുടങ്ങി. ട്രാൻസ്ഫോർമറുകൾ കാട് മൂടി കിടക്കുകയാണ്. കരകൃഷിക്കായി കിലോമീറ്ററുകൾ ദൂരത്തിൽ കനാലുകൾ നിർമിച്ചിരുന്നെങ്കിലും വെള്ളം എത്താത്തതിനാൽ ഉപയോഗശൂന്യമായി അപകടഭീഷണിയിലായ ചാലുകൾ അപകടങ്ങൾക്ക് കാരണമാതോടെ കർഷകർ തന്നെ വേദനയോടെ ഇവ മണ്ണിട്ട് മൂടി. പുഴയിൽ വെള്ളം കെട്ടി നിർത്താനായി തടയണ നിർമിച്ചെങ്കിലും ചീപ്പ് ഇടാത്തതിനാൽ ഇതും ഉപകാരപ്രദമല്ലാതായി. എല്ലാത്തിലും ഉപരി പൈപ്പുകൾ മാറ്റിയിടൽ, ട്രാൻസ്ഫോർമറിന്റെ വേലിയുടെ സംരക്ഷണം, പമ്പ് ഹൗസ് കെട്ടിടത്തിന് പെയിന്റടിക്കൽ ഇതെല്ലാം മുറപോലെ നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മോട്ടോർ നന്നാക്കുമ്പോൾ പൈപ്പുകൾ തകരാറിലാവും പൈപ്പുകൾ ശരിയാക്കുമ്പോൾ ട്രാൻസ്ഫോർമർ പ്രവർത്തിക്കില്ല എന്ന രീതിയിലാണ് പദ്ധതിയെന്ന് നാട്ടുകാർ പരിഹസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

