കെണിയിൽ കുടുങ്ങാതെ കടുവ; വീണ്ടും ആടിനെ കൊന്നു
text_fieldsമാനന്തവാടി: രണ്ടാഴ്ചയായി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ചെങ്കിലും കെണിയിൽ വീഴാതെ കടുവ വീണ്ടും ആടിനെ ആക്രമിച്ച് കൊന്നു.
കുറുക്കൻമൂല പടമല പാറേക്കാട്ടിൽ അന്നക്കുട്ടിയുടെ ആടിനെയാണ് ശനിയാഴ്ച പുലർച്ചെ 3.30 ഓടെ കൊന്നത്. പതിനഞ്ച് ദിവസത്തിനിടെ പത്ത് വളർത്തുമൃഗങ്ങളെയാണ് കടുവ ആക്രമിച്ചു കൊന്നത്.
കുറുക്കൻമൂല ബൈജു വടയാപറമ്പിലിന്റെ നായെ ഇന്നലെ വൈകുന്നേരം 6.45 ഓടെ കടുവ കൊന്നു.
വെള്ളിയാഴ്ച പുലർച്ചെ ചെറൂർ അയ്യാമറ്റം ജോണിയുടെ പശുക്കിടാവിനെ കൊന്നതോടെ നീണ്ട ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷം പ്രദേശത്ത് വനം വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന എന്നിവരുടെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചിരുന്നു.
മയക്കുവെടി വെക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ഇത് വിജയിക്കാതായതോടെ രാത്രി നിരീക്ഷണം ശക്തമാക്കുന്നതിനിടെയാണ് രണ്ട് കി.മീ. ദൂരത്തുള്ള പടമലയിൽ കടുവ ആടിനെ കൊന്നത്. ഇതേത്തുടർന്നാണ് കാവേരി പൊയിൽ കോളനിക്ക് സമീപം രണ്ടാമത്തെ കൂട് സ്ഥാപിച്ചത്. രാവിലെ മുതൽ തിരച്ചിലും ശക്തമാക്കി. കൊല്ലപ്പെട്ട ആടിന് 20,000 രൂപ നഷ്ടപരിഹാരം നൽകാനും ഒരു ആടിനെ വാങ്ങിനൽകാനും ധാരണയായി.
കടുവ നിമിത്തമായി; ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ കസേരയിൽ ആളെത്തി
മാനന്തവാടി: രാഷ്ട്രീയ വിവാദങ്ങളെത്തുടർന്ന് രണ്ടു മാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്ന ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ കസേരയിൽ ആളെത്തി. കുറുക്കൻമൂലയിൽ കടുവ ആക്രമണം വലിയ ജനരോഷത്തിനു വഴിയൊരുക്കിയതോടെ ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ സസ്പെൻഷൻ പിൻവലിക്കാൻ നിർബന്ധിതമായി.
ദിവസങ്ങളായി ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് അന്തർ സംസ്ഥാനപാത ഉപരോധം, ഡി.എഫ്.ഒ ഓഫിസ് ഉപരോധം എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറി. കൂട് സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചപ്പോഴെല്ലാം കൂട് സ്ഥാപിക്കാൻ അനുമതി ഉത്തരവിൽ ഒപ്പിടേണ്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ ധർമസങ്കടത്തിലാക്കിയിരുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ നടപടിക്രമങ്ങൾ പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രമെ ഇത്തരം ഉത്തരവുകൾ നൽകാനുള്ള അനുമതി. മുല്ലപ്പെരിയാറിലെ വിവാദ മരം മുറിയുമായി ബന്ധപ്പെട്ടാണ് വൈൽഡ് ലൈഫ് വാർഡനായിരുന്ന ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്.
ഈ തസ്തികയിലേക്ക് പുതിയ ആളെ നിയമിക്കുകയോ, പകരം ചുമതല നൽകുകയോ ചെയ്തിരുന്നില്ല. വിദഗ്ധസമിതി കൂട് വെക്കാൻ ശിപാർശ നൽകിയിട്ടും ഉത്തരവിൽ ഒപ്പിടാൻ ആളില്ലാത്തതാണ് ഡി.എഫ്.ഒ ഓഫിസ് ഉപരോധം രാത്രി വരെ നീളാൻ കാരണം.
വയനാട്ടിലെ രാഷ്ട്രീയ നേതൃത്വങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ പ്രശ്നം അവതരിപ്പിക്കുകയും ബെന്നിച്ചൻ തോമസിനെ ചീഫ് വൈൽഡ് ലൈഫ് വാർഡനായി നിയമിച്ച് ഉത്തരവിറക്കുകയുമായിരുന്നു. ഇതോടെയാണ് രാവിലെ കൂട് വെക്കാനുള്ള ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്.
ഏതായാലും കുറുക്കൻ മൂലയിൽ ഇറങ്ങിയ കടുവ നിമിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡനെ നിയമിച്ച് ഉത്തരവിറങ്ങിയത് വനം വകുപ്പ് ജീവനക്കാർക്കും ഏറെ ആശ്വാസമായി.
വനം–പൊലീസ് ജീവനക്കാർക്ക് ഉറക്കമില്ലാത്ത രാത്രികൾ
മാനന്തവാടി: നഗരസഭ പരിധിയിലെ കുറുക്കൻമൂല, ചെറൂർ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ പിടികൂടി ഭീതിവിതച്ച കടുവയെ പിടികൂടാനാവാത്തത് വനം, പൊലീസ് ഉദ്യോഗസ്ഥരുടെ ഉറക്കം കെടുത്തുന്നു. ആക്രമണം തുടങ്ങി 15 ദിവസം പിന്നിടുമ്പോൾ നൂറോളം വനം ജീവനക്കാരും അത്ര തന്നെ പൊലീസ് ഉദ്യോഗസ്ഥരുമാണ് ഉറക്കമില്ലാതെ 24 മണിക്കൂറും ജോലി ചെയ്യുന്നത്.
മാനന്തവാടി ഡി.എഫ്.ഒ രമേശ് കുമാർ ബിഷ്ണോയ്, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, ബേഗൂർ റേഞ്ചർ കെ. രാകേഷ്, മാനന്തവാടി റേഞ്ചർ രമ്യ രാഘവൻ, വനം വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ, പൊലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൽ കരീം എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടാനും ക്രമസമാധാന പാലന പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

