ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുത്ത സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി
text_fieldsമാനന്തവാടി: ഇംഗ്ലണ്ട് സ്വദേശി എഡ്വിന് ജൂബര്‍ട്ട് വാനിങ്കന്റെ ഉടമസ്ഥതയിലായിരുന്ന തൃശിലേരി വില്ലേജിലെ 211 ഏക്കര്‍ കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈകോടതി റദ്ദാക്കി. സർക്കാർ നിയമം പാലിക്കാതെ ഏറ്റെടുക്കുകയും കോടതിയിൽ കാര്യമായ വാദങ്ങൾ ഉന്നയിക്കാതെ തോറ്റു കൊടുക്കുകയായിരുന്നെന്ന ആരോപണവും ഉയർന്നു. 2018ൽ ആണ് സർക്കാർ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കിയത്. ഇതിനെതിരെ അവകാശികള്‍ എന്നവകാശപ്പെടുന്നവർ നല്കിയ രണ്ട് ഹരജികളും സര്‍ക്കാറിന്റെ റിട്ടും പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് കഴിഞ്ഞ ദിവസം വിധി പറഞ്ഞത്.
2013 ല്‍ എഡ്വിന് ജൂബര്‍ട്ട് വാനിങ്കന്റെ മരണശേഷം അദ്ദേഹത്തിന്റെ ദത്തുപുത്രനായ മൈക്കിള്‍ ഫ്ലോയ്ഡ് ഈശ്വര്‍ ആയിരുന്നു ഭൂമി ഏറ്റെടുത്ത് നോക്കി വന്നിരുന്നത്. 2006 ഫെബ്രുവരിയില്‍ മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയ ദാനാധാര പ്രകാരമാണ് ഇയാള്‍ ഭൂമിയുടെ അവകാശവാദം ഉന്നയിച്ചത്. എന്നാല്‍, ഇത് നിയമ പ്രകാരമല്ല നടത്തിയതെന്നും ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട് പ്രകാരം പാലിക്കേണ്ട നിബന്ധനകള്‍ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയാണ് അന്നത്തെ ജില്ല കലക്ടര്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോയത്. നിയമാനുസൃതമായ വില്പത്രം എഴുതാതെയാണ് വാനിങ്കണ് മരണപ്പെട്ടതെന്നും മരണ സമയത്തും ഭൂമിയുടെ അവകാശം അദ്ദേഹത്തിന് തന്നെയായിരുന്നുവെന്നും പരേതന് നിയമാനുസൃത അവകാശികളില്ലെന്നും പരിശോധനയില്‍ കലക്ടര്‍ കണ്ടെത്തുകയും ലാൻഡ് റവന്യു കമീഷണര്‍ ഇതംഗീകരിക്കുകയും ചെയ്തത് പ്രകാരമാണ് 1964ലെ അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമ പ്രകാരം സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്. 2018 ല്‍ ഭൂമി ഏറ്റെടുത്ത് മാനന്തവാടി തഹസില്‍ദാറായിരുന്ന എൻ.ജെ. അഗസ്റ്റിനെ ചുമതല ഏൽപിച്ച് നോക്കി നടത്തുന്നതിനിടെ ഹൈകോടതിയില്‍നിന്നും മൈക്കിള്‍ ഫ്ലോയ്ഡ് ഈശ്വര്‍ നടപടികള്‍ക്ക് സ്റ്റേ വാങ്ങി. തുടര്‍ന്നാണ് വിദേശ പൗരന് എഡ്വിന് ജൂബര്‍ട്ട് വാനിങ്കന്റെ അനന്തരാവകാശിയെന്ന പേരില്‍ രംഗത്ത് വന്ന മെറ്റില്‍ഡ റോസാമണ്ട് ഗിഫോര്‍ഡും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
2016 ല്‍ രജിസ്റ്റര്‍ ചെയ്ത ദാനാദാരം നിയമാനുസൃതമല്ലെന്ന് തീരുമാനിച്ച് എസ്ചീട്ട് നിയമ പ്രകാരം ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍ക്ക് അധികാരമില്ലെന്നും സിവില്‍ കോടതികളെയൊന്നും തന്നെ ഈ വിഷയത്തില്‍ സമീപിച്ചിട്ടില്ലെന്നും ഹൈകോടതി കണ്ടെത്തി. മെറ്റില്‍ഡ ഉന്നയിച്ച പിന്തുടര്ച്ചാവകാശ വാദം സംബന്ധിച്ചും കോടതികള്‍ തീര്‍പ്പ് കല്പ്പിച്ചിട്ടല്ലെന്നും അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിക്ക് സാധൂകരണമില്ലെന്നും കോടതി തീര്‍പ്പ് കല്പ്പിച്ചു. സര്‍ക്കാറിന് നിയമാനുസൃതമായ വഴികളിലൂടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ നിയമവശങ്ങളും അറിയുന്ന ഗവ. പ്ലീഡർ ഉൾപ്പെടെയുള്ളവർ കോടതിയിൽ ഉണ്ടായിട്ടും കൃത്യമായി തെളിവുകൾ നിരത്താതെ വാദിഭാഗം നിരത്തിയ തെളിവുകൾ അംഗീകരിച്ചു കൊടുത്തതിനാലാണ് കേസ് സർക്കാറിനെതിരെ വിധിക്കാൻ കാരണമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

