മലയോര ഹൈവേ നിർമാണം വീണ്ടും നിലച്ചു
text_fieldsമാനന്തവാടിയിലെ മലയോര ഹൈവേ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ച നിലയിൽ
മാനന്തവാടി: നഗരത്തിലെ മലയാര ഹൈവേ നിർമാണം വീണ്ടും നിലച്ചു. രണ്ടാം തവണയാണ് പ്രവൃത്തി നിർത്തിെവക്കുന്നത്. മിക്ക ജില്ലകളിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയാക്കിയ മലയോര ഹൈവേ നിര്‍മാണത്തിനായുള്ള ഫണ്ട് മാനന്തവാടിക്ക് ഏറ്റവും ഒടുവിലാണ് ലഭിച്ചത്.
പ്രവൃത്തികള്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഏറ്റെടുത്തതെന്നറിഞ്ഞതോടെ നാട്ടുകാരും ജനപ്രതിനിധികളും ഏറെ പ്രതീക്ഷയിലായിരുന്നു. പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചാണ് ടൗണില്‍ നവീകരണ പ്രവൃത്തകിള് നടക്കുന്നത്. മാനന്തവാടി ടൗണില്‍ 2023 ജനുവരിയിലാണ് പ്രവൃത്തികള്‍ ആരംഭിച്ചത്.
12 മീറ്റര്‍ വീതിയിലാണ് റോഡ് നവീകരണം. എരുമത്തെരുവിലുള്പ്പെടെ ടൗണിലെ റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടിയും പഴയടാറിങ്ങുകള് പൊളിച്ചു നീക്കിയും ജോലികള്‍ പുരോഗമിക്കുന്നതിനിടെ വള്ളിയൂര്‍ക്കാവ് ഉത്സവത്തോടെ പ്രവൃത്തികള്‍ താത്കാലികമായി നിര്‍ത്തി വെച്ചു.
പിന്നീട് വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളോളം പണി നടന്നില്ല. മഴക്കാലത്തിന്റെ പേരിലും നിര്‍ത്തിവെച്ചു. മഴക്കാലവും പിന്നിട്ട് കഴിഞ്ഞമാസം പകുതിക്ക് ശേഷമാണ് ടൗണിലെ പ്രവൃത്തികള്‍ പനരാരംഭിച്ചത്. മാനന്തവാടി ബസ്സ്റ്റാൻഡ് മുതല്‍ കോഴിക്കോട് റോഡിലാണ് വീതികൂട്ടിയുള്ള ഓവുചാല്‍ പ്രവൃത്തികള്‍ തുടങ്ങിയത്.
ഏതാനും ദിവസംകൊണ്ട് പണിനിര്ത്തിവെച്ചു. ലിറ്റിൽഫ്ലവര്‍ സ്കൂളിന് എതിര്‍വശത്ത് റോഡിന്റെ ഭൂമി മുഴുവന്‍ ഏറ്റെടുത്തില്ലെന്ന എം.എല്‍.എയുടെ പരാതിയെ തുടര്‍ന്നാണ് പ്രവൃത്തി നിര്‍ത്തിയത്.
തുടര്‍ന്ന് താലൂക്ക് സർവേയര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ഭൂമി മുഴുവന്‍ ഏറ്റെടുത്തിട്ടുണ്ടെന്നറിയിച്ചിട്ടും പണിതുടങ്ങിയില്ല. പരാതിപ്പെട്ട ആള് തന്നെ പിന്‍വലിച്ച് അനുമതി കിട്ടണമെന്ന നിലപാടാണ് ഊരാളുങ്കലിനുള്ളത്. പരാതി പറഞ്ഞതിന്റെ പേരില്‍ കോഴിക്കോട് റോഡിലെ പ്രവൃത്തികളും പാതിവഴിയല് നിര്‍ത്തി.
ലിറ്റില്‍ ഫ്ലവര്‍ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ തുടര്‍ഭാഗങ്ങള്‍ ചെയ്യാന്‍ കഴിയുകയുള്ളുവെന്നാണ് ഊരാളുങ്കലിന്റെ നിലപാട്. കടകളിലേക്കുള്ള വഴികളെല്ലാം പൊളിച്ചിട്ടത് കാരണം ഏതാനു ദിവസങ്ങളായി പലരും വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നില്ല. ഫെഡറല്‍ ബാങ്കിന് ഓരത്തോട് കൂടിയുള്ള റോഡില്‍ വാഹനങ്ങള്‍ പോവാന്‍ കഴിയാത്തത് കാരണം നിരവധി വീട്ടുകാര്‍ വാഹനങ്ങള്‍ റോഡില്‍വെച്ച് വീടുകളിലേക്ക് നടന്നു പോവുകയാണ് ചെയ്യുന്നത്.
റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ബസ് ഗതാഗതത്തിനേര്പ്പെടുത്തിയ നിയന്ത്രണവും ടൗണിലെത്തുന്ന യാത്രക്കാര്‍ക്ക് വിനയായി. ഗാന്ധിപാര്ക്കിനടുത്ത സിറ്റിമെഡിക്കല് ജങ്ഷനിലും എരുമത്തെരുവ് വനിതക്ക് സമീപവും വീതികൂട്ടുന്നത് സംബന്ധിച്ച പ്രതിസന്ധിയും പരിഹരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

