പിടിയിലായത് പൊലീസിനെ കാലങ്ങളായി വട്ടംകറക്കിയ പ്രതി
text_fieldsമാല മോഷ്ടാവ് സഞ്ചരിച്ച ബൈക്ക്
മാനന്തവാടി: നിരവധി കേസുകളിൽ പ്രതിയായിരുന്ന സജിത്ത് പിന്നീട് ജയിലിലായിരുന്നു. തുടർന്ന് 2022 നവംബറിൽ പുറത്തിറങ്ങിയശേഷം വീണ്ടും ഇയാൾ ആറോളം കേസുകളിൽ പ്രതിയായി.
2022 നവംബറിൽ നാഗമ്പടത്തെ ബൈക്ക് മോഷണം, അതിനടുത്ത ദിവസം ചിങ്ങവനത്ത് മാല കവർച്ച, ഡിസംബറിൽ ചങ്ങനാശേരിയിലെ ഉത്സവ നഗരിയിൽ നിന്നും 71 വയസ്സായ സ്ത്രീയുടെ കഴുത്തിൽ നിന്നും മാല കവർച്ച, ജനുവരിയിൽ ചങ്ങനാശേരിയിൽ തന്നെ യാത്രക്കാരിയുടെ അഞ്ചര പവന്റെ മാല കവർച്ച, അതേ മാസം ഗുരുവായൂരിൽ മറ്റൊരു സ്ത്രീയുടെ മൂന്നു പവന്റെ മാല കവർച്ച എന്നിങ്ങനെയാണ് അടുത്തിടെ സജിത്തിനെതിരെയുള്ള കേസുകൾ.
പത്തനംതിട്ട, കൊല്ലം, ആലപ്പുഴ കോട്ടയം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ പിടിച്ചുപറി, മോഷണക്കേസുകളിലെ പ്രതിയായിരുന്നു ഇയാൾ. പിടികൂടാൻ ശ്രമിക്കുമ്പോഴൊക്കെ പൊലീസിനെ വിദഗ്ധമായി വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലാണ് ഇയാൾക്കെതിരെ കൂടുതൽ കേസുകളുള്ളത്. മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നാണ് ഇയാൾ പിടിച്ചുപറി നടത്തിയിരുന്നത്.
പൊലീസിനെ കബളിപ്പിക്കാൻ ബൈക്കിന് വ്യാജ നമ്പർ പിടിപ്പിക്കും. വേഷം മാറിയും സഞ്ചരിക്കും. സ്ഥിരമായ താമസ സ്ഥലമില്ല. പുറമ്പോക്ക് സ്ഥലങ്ങൾ, ആളില്ലാത്ത വീടുകൾ, കടൽ തീരപ്രദേശങ്ങൾ, കനാൽ പുറമ്പോക്ക്, പുത്തെീരം, ഉത്സവപ്പപറമ്പ് തുടങ്ങിയ ഇടങ്ങളിൽ അന്തിയുറങ്ങുന്ന ഇയാൾ പുലർെച്ച എഴുന്നേറ്റ് മോഷണത്തിനായി നീങ്ങും. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. കാലങ്ങളായി ഇയാൾ പൊലീസിനെ വട്ടം കറക്കുകയായിരുന്നു.
നാലു മണിക്കൂറിനുള്ളിൽ മാല മോഷ്ടാവിനെ തിരിച്ചറിഞ്ഞു; 24 മണിക്കൂറിനുള്ളിൽ അറസ്റ്റ്
മാനന്തവാടി: പട്ടാപ്പകൽ നടുറോഡിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ച പ്രതിയെ പിടികൂടിയ സംഭവം മാനന്തവാടി പൊലീസിന് പൊൻതൂവലായി. ബുധനാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് മൈസൂരു റോഡിൽ ഡി.എഫ്.ഒ ഓഫിസിലെ സീനിയർ ക്ലർക്ക് റോസി ലിറ്റ് ജോസഫിന്റെ മൂന്ന് പവൻ മാല പ്രതി സജിത്ത് ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞത്.
വിവരമറിഞ്ഞ മാനന്തവാടി സി.ഐ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം, സി.സി ടി.വി. കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സി.സി ടി.വി ദൃശ്യങ്ങൾ എത്തിച്ചു. ഇതിൽ നിന്നും ആറു പേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു.
മോഷണരീതിയിലെ പ്രഫഷനലിസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാല് മണിക്കൂർ കൊണ്ടാണ് സംഭവത്തിലെ പ്രതി സജിത്താണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വയനാടിന്റെ അതിർത്തികളിലെ മുഴുവൻ സി.സി ടി.വികളും പരിശോധിച്ചു. ഇതിൽ നിന്നും താമരശ്ശേരി ചുരം വഴി ഇയാൾ പോയതായി മനസ്സിലായത്.
തുടർന്ന് പൊലീസിന്റെ വയനാട് ടീമും താമരശ്ശേരി പൊലീസും ചേർന്ന് താമരശ്ശേരി 23ൽ വെച്ച് ഉച്ചയോടെ ബൈക്ക് തടഞ്ഞു നിർത്തി സജിത്തിനെയും കൂടെയുണ്ടായിരുന്ന സഹായിയായ സ്ത്രീയെയും പിടികൂടുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെ ഇരുവരുടെയും അറസ്റ്റും രേഖപ്പെടുത്തി.
എസ്.ഐമാരായ കെ.കെ. സോബിൻ, എം. നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ വി.ആർ. ദിലീപ് കുമാർ, ജാസിം ഫൈസല്‍, വി.കെ. രഞ്ജിത്, എൻ.ജെ. ദീപൂ, ജെറിന്.കെ.ജോണി, പ്രവീണ്‍, കെ.ബി. ബൈജു, സി.കെ. നൗഫല്‍, കെ.കെ. വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

