ബസ് തടഞ്ഞുനിർത്തി കവർച്ച; രണ്ടു ആലപ്പുഴ സ്വദേശികൾ കൂടി അറസ്റ്റിൽ
text_fieldsഷാജഹാൻ, അജിത്ത്
മാനന്തവാടി: തിരുനെല്ലി തെറ്റ്‌റോഡ് കവലയിൽ ബസ് തടഞ്ഞുനിർത്തി കവർച്ച നടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾ കൂടി പൊലീസ് പിടിയിലായി. ആലപ്പുഴ മുതുകുളം സ്വദേശികളായ ചീപ്പാട് ഷജീന മൻസിലിൽ ഷാജഹാൻ (36), കളിക്കൽ അജിത്ത് (പോത്ത് അജിത്ത്- 30) എന്നിവരെയാണ് മാനന്തവാടി ഡി.വൈ.എസ്.പി എ.പി. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ആലപ്പുഴയിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു.
ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കേസിലെ ആദ്യനാലു പ്രതികളായ വയനാട് പുൽപള്ളി പെരിക്കല്ലൂർ മൂന്നുപാലം ചക്കാലക്കൽ വീട്ടിൽ സി. സുജിത്ത് (28), നടവയൽ കായക്കുന്ന് പതിപ്ലാക്കൽ ജോബിഷ് ജോസഫ് (23), ഏറണാകുളം മുക്കന്നൂർ ഏഴാറ്റുമുഖം പള്ളിയാന വീട്ടിൽ ശ്രീജിത്ത് വിജയൻ (25), കണ്ണൂർ ആറളം ഒടാക്കൽ കാപ്പാടൻ വീട്ടിൽ സക്കീർ ഹുസൈൻ (38) എന്നിവരെ കർണാടക മാണ്ഡ്യയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
തുടർന്ന് കോഴിക്കോട് സ്വദേശികളായ ബേപ്പൂർ ഊണാർവളപ്പ് കോഴിക്കോടൻ വീട്ടിൽ കെ.വി. ജംഷീർ (37), ഫറോക്ക് രാമനാട്ടുകര കോമ്പിലായത്ത് വീട്ടിൽ എം.എൻ. മൻസൂർ (30), മലപ്പുറം പുളിക്കൽ അരൂർ ചോലക്കര വീട്ടിൽ ടി.കെ. ഷഫീർ (32), മലപ്പുറം പുളിക്കൽ അരൂർ ഒളവട്ടൂർ വലിയചോലയിൽ വീട്ടിൽ പി. സുബൈർ (38), പാലക്കാട് മാങ്കാവ് എടയാർ സ്ട്രീറ്റ് രാമൻകുമരത്ത് വീട്ടിൽ പ്രശാന്ത് (35), മലപ്പുറം കൊണ്ടോട്ടി പള്ളിപ്പടി അരൂർ എട്ടൊന്നിൽ ഹൗസിൽ ഷഫീഖ് (31) എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.ഒക്ടോബർ അഞ്ചിന് പുലർച്ചെ 3.45നായിരുന്നു കേസിനാസ്പദമായ സംഭവം.
ബംഗളൂരു- കോഴിക്കോട് ബസിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയാണ് കവർച്ചക്കിരയായത്. കവർച്ചാസംഘം തന്റെ കൈയിലുള്ള 1.40 കോടി കവർന്നെന്നാണ് ഇദ്ദേഹം പൊലീസിൽ നൽകിയ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

