മഴനനഞ്ഞ് ജീവിതങ്ങൾ; വയനാട് ജില്ലയിൽ മഴയിൽ നാശനഷ്ടങ്ങൾ ഏറെ
text_fieldsമാനന്തവാടി-വിമലനഗർ-വാളാട് എച്ച്.എസ്- പേരിയ റോഡിൽ കുളത്താടയിൽനിന്ന് വാളാടേക്ക് പുഴയരികിലൂടെ പോകുന്ന റോഡ് തകർന്ന നിലയിൽ
മാനന്തവാടി: പൊതുമരാമത്ത് വകുപ്പിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ റോഡ് ഇടിഞ്ഞു താണു. മാനന്തവാടി-വിമല നഗർ-വാളാട് എച്ച്.എസ്- പേരിയ റോഡിൽ കുളത്താടയിൽനിന്ന് വാളാടേക്ക് പുഴയരികിലൂടെ പോകുന്ന റോഡാണ് തകർന്നത്. 102കോടി രൂപ കരാറിൽ നിർമിക്കുന്ന 27 കിലോമീറ്റർ റോഡിൽ പുലിക്കാട്ട് കടവ് പാലത്തിന് സമീപത്തെ ഇന്റർലോക്ക് ചെയ്ത ഭാഗമാണ് പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. കെ.എ.സ്.ടി.പിയുടെ മേൽനോട്ടത്തിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തിയത്.
കുളത്താട മുതൽ വാളാട് വരെ പുഴയോരത്തുകൂടെ കടന്നുപോവുന്ന റോഡ് പ്രളയത്തിൽ മുങ്ങിപ്പോകുന്നത് കൂടി കണക്കിലെടുത്ത് മണ്ണിട്ട് ഉയർത്തിയാണ് നിർമിച്ചത്. അടുത്തിടെ നിർമാണം പൂർത്തിയായെങ്കിലും പൂർണതോതിൽ ഉറയ്ക്കുന്നതിന് മുമ്പ് പുഴയിൽ വെള്ളം ഉയർന്ന് മണ്ണ് നിരങ്ങിയതാണ് റോഡ് ഇടിയാൻ കാരണമെന്നാണ് കരാർ കമ്പനിയുടെ വാദം. എന്നാൽ, ഒന്നേകാൽ കോടിയോളം ചെലവഴിച്ച് നിർമിച്ച റോഡ് മാസങ്ങൾ കഴിയും മുന്നേ തകർന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനോടകം വിവിധ സ്ഥലങ്ങളിലായി ഏഴിടത്ത് റോഡിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. മഴ കനത്താൽ റോഡിന്റെ തകർച്ചക്ക് ആക്കം കൂട്ടും.
ഓവുചാൽ ആവശ്യമുള്ള സ്ഥലങ്ങളിൽ അവ നിർമിക്കാത്തതും റോഡ് തകരാൻ കാരണമായിട്ടുണ്ട്.മാനന്തവാടി മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന റോഡായിരുന്നു ഇത്. മാനന്തവാടി -കണ്ണൂർ റോഡിന് സമാന്തരപാതയായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആധുനിക രീതിയിലായിരുന്നു നിർമാണം. മാനന്തവാടി പോസ്റ്റ് ഓഫിസ് പരിസരത്തുനിന്ന് തുടങ്ങി മാനന്തവാടി നഗരസഭയിലെ ഒഴക്കോടി-തവിഞ്ഞാൽ പഞ്ചായത്തിലെയും ഗ്രാമീണ പ്രദേശങ്ങളായ മുതിരേരി, യവനാർകുളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ച് വിമല നഗർ, കുളത്താട, വാളാട് എച്ച്.എസ് എന്നീ വഴി പേരിയ 36ൽ ചേരുന്നതായിരുന്നു ഈ റോഡ്. അപകട സാധ്യത മുൻനിർത്തി റോഡിന്റെ ഇടിഞ്ഞ ഭാഗത്ത്കൂടെയുള്ള ഗതാഗതം നിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

