മാനന്തവാടി: പടിഞ്ഞാറത്തറ വനമേഖലയിൽ മാവോവാദി സാന്നിധ്യം പൊലീസ് മുൻകുട്ടി അറിഞ്ഞതായി സൂചന. ആറംഗ സംഘം തലപ്പുഴ മക്കിമലയിൽ തമ്പടിച്ച് വാളാരം കുന്നിലേക്ക് നീങ്ങുന്നതായി രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കിയിരുന്നു.
പാലക്കാട് മഞ്ചക്കണ്ടി ഏറ്റുമുട്ടലിെൻറ തിരിച്ചടിക്കാണ് നീക്കമെന്നും കമ്പനി ദളം രണ്ടിൽപ്പെട്ടവരാണ് സംഘത്തിലുള്ളതെന്നും വിവരം ലഭിച്ചു. പ്രദേശത്ത് പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തിയിരുന്നത്. പ്രദേശവാസികളെ പോലും പരിശോധനക്ക് ശേഷമാണ് കഴിഞ്ഞ മൂന്നു ദിവസമായി കടത്തിവിട്ടത്. അപരിചിതരെ ദേഹ പരിശോധന നടത്തി. ഏറ്റുമുട്ടൽ ഉണ്ടായതിന് പിന്നാലേ സംഭവം നടന്ന സ്ഥലത്തെ വീട്ടുകാരെ പുറത്തുപോകാൻ പൊലീസ് അനുവദിച്ചില്ല.
ഏതാനും വീടുകളാണ് പ്രദേശത്തുള്ളത്. ഇവിടെ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടൽ സംബന്ധിച്ചോ വെടിയൊച്ചയോ ഈ പ്രദേശത്തുകാർ അറിയുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിൽ നിന്നാണ് ഇവിടത്തുകാർ വിവരങ്ങൾ അറിയുന്നത്. വിവരമറിഞ്ഞ് പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞുവെച്ചു.
കുറച്ചകലെ താമസിക്കുന്നവർ പുലർച്ച ചെറിയ ശബ്ദം കേട്ടതായി പറയുന്നു. ടിപ്പറിൽനിന്ന് കല്ലിറക്കുന്നതുപോലുള്ള ശബ്ദം മൂന്ന് തവണ കേട്ടതായി പ്രദേശവാസിയായ പുത്തൻകുഴി മത്തച്ചൻ പറയുന്നു.