പട്ടയം കിട്ടിയ ഭൂമി അളന്ന് തിരിച്ചുനൽകാൻ ഹൈകോടതി ഉത്തരവ്
text_fieldsമാനന്തവാടി: പേര്യ വില്ലേജില്‍ പട്ടയം അനുവദിച്ച് 27 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി ലഭിക്കാത്ത പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് ഹൈകോടതി ഉത്തരവ് പ്രതീക്ഷയേകുന്നു. തോല്‍പ്പെട്ടി നെടുന്തറ കോളനിയിലെ കാളന്റെ മകന് എന്‍. ദിനേശന് അഡ്വ. പി.കെ. ശാന്തമ്മ മുഖേന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ജസ്റ്റിസ് ടി.ആര്. രവി പുറപ്പെടുവിച്ച ഉത്തരവാണ് പട്ടികജാതി-വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി ലഭിക്കുന്നതിന് വഴി തുറന്നത്.
ജില്ല കലക്ടര്‍, മാനന്തവാടി ഭൂരേഖ തഹസില്‍ദാര്‍, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, മാനന്തവാടി ട്രൈബല്‍ ഓഫിസര്‍, തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ദിനേശന്റെ ഹരജി. ഹരജിക്കാരന് പട്ടയം ലഭിച്ച 15 സെന്റ് ഭൂമി മൂന്നു ആഴ്ചക്കുള്ളില്‍ അളന്നുതിരിച്ച് നല്‍കണമെന്ന് ഹൈകോടതി നിര്‍ദേശം നല്കി. ഭൂമി ഈ സമയത്തിനകം കൈമാറാന്‍ കഴിയുന്നില്ലെങ്കില്‍ ഭൂരേഖാ തഹസില്‍ദാര്‍ ഫെബ്രുവരി 25ന് നേരില്‍ ഹാജരായി കാരണം ബോധിപ്പിക്കമെന്നും കോടതി ഉത്തരവിലുണ്ട്.
പേര്യ വില്ലേജില്‍ റീസര്‍വേ 65/ല്‍ 4.94 ഉം റീസര്‍വേ 25/ല്‍ ഏഴും ഏക്കര്‍ മിച്ചഭൂമി കാരുന്തുള്ളില്‍ മറിയത്തില്‍നിന്നു സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ റീസര്‍വേ 65/ല്‍പ്പെട്ട 4.94 ഏക്കര്‍ 0.26 സെന്റ് വീതം 18 പട്ടികജാതി കുടുംബങ്ങള്‍ക്കും റീസര്‍വേ 25/ല്‍പ്പെട്ട ഏഴ് എക്കര്‍ 15 സെന്റ് വീതം 45 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും കേരള ഭൂപതിവ് നിയമപ്രകാരം പതിച്ചുനല്‍കുന്നതിന് 1996 ജൂലൈ 17നാണ് ജില്ല കലക്ടര്‍ ഉത്തരവായത്. 1996 ജൂണ്‍ മൂന്നിന് പരസ്യം ചെയ്താണ് ഭൂമി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്.
റീസര്‍വേ 65/ല്‍ 26 ഉം റീ സര്‍വേ 25/ല്‍ 25 ഉം സെന്റ് വഴി, കിണര്‍ ആവശ്യങ്ങള്‍ക്ക് നീക്കിെവച്ചാണ് ഭൂമി പതിച്ചുനല്‍കിയത്. 1998ല്‍ ജൂലൈ 13ന് ഗുണഭോക്താക്കള്‍ക്ക് പട്ടയം അനുവദിച്ചെങ്കിലും ഭൂമി അളന്നുതിരിച്ച് കൈമാറുന്നതിന് നടപടിയുണ്ടായില്ല. ഭൂമി ലഭ്യമാക്കണമെന്ന ആവശ്യവുമായി പട്ടയം ഉടമകള്‍ റവന്യു ഓഫിസുകള്‍ കയറിയിറങ്ങിയത് വെറുതെയായി. ഭൂമി എവിടെയെന്ന് കാണിച്ചുകൊടുക്കാന്‍പോലും ഉദ്യോഗസ്ഥര്‍ക്കായില്ല.
പട്ടയം കിട്ടിയ ഭൂമി കൈവശത്തില്‍ ലഭിക്കുന്നതിന് വ്യക്തിഗതമായി നിരന്തരശ്രമം നടത്തിയ ദിനേശന് ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ സെക്രട്ടേറിയറ്റിലേക്ക് അയച്ച പരാതിയും ചുകപ്പുനാടയില്‍ കുരുങ്ങി. ഈ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. ജനുവരി 16ന് കോടതി കേസ് ഫയലില്‍ സ്വീകരിച്ചു. പിന്നീട് കേസ് വിളിച്ച 20ന്, ഭൂമി അളന്നുതിരിച്ച നല്‍കുന്നതിലെ കാലതാമസത്തിനു കാരണം 10 ദിവസത്തിനകം അറിയിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് നിര്‍ദേശം നല്കി. എന്നാല്‍ സമയബന്ധിതമായി കാരണം ബോധിപ്പിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് കഴിഞ്ഞില്ല.
ഗവ. പ്ലീഡര്‍ ബന്ധപ്പെട്ടെങ്കിലും കലക്ടറേറ്റില്നിന്നോ ഭൂരേഖാ തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നോ ഹൈകോടതിയില്‍ ബോധിപ്പിക്കാന്‍ ഉതകുന്ന വിവരം ലഭിച്ചില്ല.കേസില്‍ ഫെബ്രുവരി മൂന്നിനു വാദം കേട്ടശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികവര്‍ഗത്തിലെ വെട്ടക്കുറുമ വിഭാഗക്കാരനാണ് ഹര്‍ജിക്കാരനായ ദിനേശന്.
മാസങ്ങള്‍ മുമ്പ് പാമ്പുകടിയേറ്റ ഇദ്ദേഹം കൂലിപ്പണിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ്.പട്ടയം ലഭിച്ച മറ്റു കുടുംബങ്ങള്‍ക്കും ഭൂമി ലഭിക്കുന്നതിന് കോടതി ഉത്തരവ് ഉതകുമെന്നാണ് കരുതുന്നതെന്ന് ദിനേശനും മകന് എന്‍.ഡി. വിനയനും പറഞ്ഞു. ചില രേഖകള്‍ തിരയുന്നതിനിടെ പട്ടയം വിനയന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് ദിനേശന് സെക്രട്ടേറിയറ്റിലേക്ക് പരാതി അയക്കാനും പിന്നീട് കോടതിയെ സമീപിക്കാനും ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

