അനധികൃതമെന്ന് അധികൃതർ: കെട്ടിടനിർമാണം നഗരസഭ തടഞ്ഞു; പൊലീസിന്റെ സാന്നിധ്യത്തിലാണ് നടപടി
text_fieldsമാനന്തവാടി നഗരത്തിലെ അനധികൃത കെട്ടിട നിർമാണം നഗരസഭ ഭരണസമിതി
പൊലീസ് സഹായത്തോടെ നിർത്തിവെപ്പിക്കുന്നു
മാനന്തവാടി: ഹൈകോടതി സ്റ്റേ നിലനിൽക്കെതന്നെയുള്ള കെട്ടിട നിർമാണം നഗരസഭ പൊലീസ് സഹായത്തോടെ നിർത്തിവെപ്പിച്ചു. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മാനന്തവാടി ഗാന്ധി പാർക്കിലെ കടമുറിയുടെ മുൻഭാഗം പൊളിച്ചുനീക്കിയിരുന്നു. തുടർന്ന് പുനർനിർമിച്ചുകൊണ്ടിരിക്കുന്ന കെട്ടിട നിർമാണമാണ് മാനന്തവാടി നഗരസഭ പൊലീസ് സഹായത്തോടെ വ്യാഴാഴ്ച നിർത്തിവെപ്പിച്ചത്.
രാവിലെ നോട്ടീസ് പതിച്ചിട്ടും നിർമാണം തുടർന്നതോടെയാണ് ഉച്ചക്ക് നടപടിയെടുത്തത്. മുമ്പ് നഗരസഭ നോട്ടീസ് നൽകി താലൂക്ക് വികസനസമിതി കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെട്ടിട ഉടമകൾ ഹൈകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചാണ് നിർമാണം തുടർന്നത്. നഗരസഭയുടെ നടപടികൾക്കും താലൂക്ക് വികസന സമിതിയുടെ തീരുമാനത്തിനുമാണ് സ്റ്റേ ലഭിച്ചതെന്ന് കെട്ടിട ഉടമകൾ പറയുന്നു.
കോടതിയലക്ഷ്യം നടത്തിയ നഗരസഭക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും ഉടമകൾ പറയുന്നു. നിർമാണം തടഞ്ഞ പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി.എസ്. മൂസ, നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പള്ളി എന്നിവർ നേതൃത്വം നൽകി. മാനന്തവാടി എസ്.ഐകെ. സോബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. അതേസമയം, ഹൈകോടതി സ്റ്റേ ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. സംഭവമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

