നല്ലൂർനാട് ആശുപത്രി; ന്യൂട്രോപീനിയ വാർഡ് പ്രവർത്തനം പുനരാരംഭിച്ചു
text_fieldsമാനന്തവാടി: ഡോക്ടര്‍മാരുടെ കുറവു കാരണം നിര്‍ത്തിവെച്ച നല്ലൂര്‍നാട് ജില്ല അർബുദ കേന്ദ്രത്തിലെ ന്യൂട്രോപീനിയ വാര്‍ഡില്‍ രോഗികളെ കിടത്തി ചികിത്സ പുനരാരംഭിച്ചു. പുതുതായി ഒരു ഡോക്ടര്‍ ചുമതല ഏറ്റെടുത്തതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ ന്യൂട്രോപീനിയ വാർഡിലെ ഐ.പി പ്രവര്‍ത്തനമാരംഭിച്ചത്. ഡോക്ടർമാരുടെ കുറവ് കാരണം വാർഡ് അടച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം 'മാധ്യമം' ഉൾപ്പെടെ വാർത്ത നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ഡോക്ടർ കൂടി ചുമതലയേറ്റതോടെ ന്യൂട്രോപീനിയ വാർഡ് തുറന്ന് കിടത്തി ചികിത്സ ആരംഭിച്ചത്.
കീമോതെറപ്പി എടുക്കുന്ന അർബുദ രോഗികളില്‍ രക്താണുക്കള്‍ കുറയുന്ന ന്യൂട്രോപീനിയ എന്ന അവസ്ഥയുളളവരെ കിടത്തി ചികിത്സിക്കുന്നതിന് വേണ്ടിയായിരുന്നു വാര്‍ഡ് ആരംഭിച്ചത്. പത്തു ലക്ഷം രൂപ ചെലവിൽ മൾട്ടി പാരാ മോണിറ്റർ സംവിധാനത്തോടെയുള്ള പത്തു കിടക്കകളാണ് ഇതിനായി ഒരുക്കിയത്. 2022 നവംബര്‍ അവസാനത്തില്‍ ഉദ്ഘാടനം ചെയ്ത വാര്‍ഡ് ഒരാഴ്ച മുമ്പാണ് ഡോക്ടര്‍മാരുടെ കുറവു കാരണം അടച്ചത്. മൂന്ന് ഡോകടര്‍മാര്‍ ഒരേ സമയം അവധിയില്‍ പോയതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.
വാര്‍ഡ് അടച്ചതോടെ ഇത്തരം രോഗികളെ മാനന്തവാടിയിലെ മെഡിക്കല്‍ കോളജിലും പൊരുന്നന്നൂര്‍ പി.എച്ച്. സിയിലുമായിരുന്നു പ്രവേശിപ്പിച്ചത്. വാര്‍ഡ് അടച്ചിട്ടതിനെതിരെ ദുരിതത്തിലായ ആദിവാസി വിഭാഗത്തില്‍പെട്ട രോഗികള്‍ ചേര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരുന്നു .ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെയാണ് അടിയന്തരമായി ഡോക്ടറെ നിയമിച്ച് വാര്‍ഡ് തുറന്നത്. വാർഡ് തുറന്നതോടെ മറ്റിടങ്ങളിലേക്ക് പോകാതെ അർബുദ കേന്ദ്രത്തിൽതന്നെ രോഗികൾക്ക് കിടത്തി ചികിത്സ ലഭിക്കും. നേരത്തേ, വാർഡ് അടച്ചതോടെ ആദിവാസി വിഭാഗത്തിൽനിന്ന് ഉൾപ്പെടെയുള്ള രോഗികളെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്തത് ഇവരെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

