എം.ഡി.എം.എ പിടികൂടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ
text_fieldsജുനൈസ്
മാനന്തവാടി: കാട്ടിക്കുളം പൊലീസ് ചെക്ക് പോസ്റ്റിൽ വെച്ച് 106 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. പ്രതികൾക്ക് ലഹരിമരുന്ന് കൈമാറിയ മലപ്പുറം തിരൂരങ്ങാടി ചാത്തേരി യാസിർ എന്ന ജുനൈസ് (24) നെയാണ് തിരുനെല്ലി പൊലീസ് ഇൻസ്പെക്ടർ പി.എൽ. ഷൈജുവും സംഘവും ബംഗളൂരു സുൽത്താൻ പേട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ്, ഹഫ്സിർ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ജുനൈസിനെ കുറിച്ച് സൂചന ലഭിച്ചത്. ഇവർ നാലു പേരും ബംഗളൂരുവിൽ കച്ചവട സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട് നടത്തുകയായിരുന്നു.
ജുനൈസിന്റെ റൂമിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ ഉപയോഗിക്കാനുള്ള ഉപകരണവും മയക്കുമരുന്ന് നിറക്കാനുള്ള ചെറിയ പാക്കറ്റുകളും പിടിച്ചെടുത്തു. സി.പി.ഒമാരായ അനൂപ്, പ്രജീഷ്, രതീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.