മാവോവാദി സാന്നിധ്യം; ഹെലികോപ്ടര്‍ നിരീക്ഷണം തുടങ്ങി
text_fieldsമാനന്തവാടി: കമ്പമല വനവികസന കോർപറേഷൻ ഓഫിസിലും പരിസരങ്ങളിലും മാവോവാദികളുടെ നിരന്തര ആക്രമണത്തിന്റെയും സാന്നിധ്യത്തിന്റെയും പശ്ചാത്തലത്തിൽ പൊലീസ് ഹെലികോപ്ടര്‍ സഹായത്തോടെ നിരീക്ഷണം നടത്തി.
ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് അരീക്കോട് എസ്.ഒ.ജി ഹെഡ്‌ക്വാർട്ടേഴ്‌സിൽ നിന്ന് ഹെലികോപ്‌ടർ പുറപ്പെട്ടത്. ജില്ലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ അവിടെ നിന്നാണ് ഹെലികോപ്‌ടറിൽ കയറിയത്.
കോഴിക്കോടിന്റെ അതിർത്തി പ്രദേശങ്ങളും പടിഞ്ഞാറത്തറ, കരിങ്കണ്ണിക്കുന്ന്, കുഞ്ഞോം, ആറളം, പേര്യ, കർണാടക അതിർത്തിപ്രദേശമായ അമ്പലപ്പാറ, തിരുനെല്ലി, കമ്പമല, മക്കിമല ഭാഗങ്ങളിലുമാണ് നിരീക്ഷണം നടത്തിയത്. ഇതിനുശേഷം രാവിലെ 10.45-ഓടെ വയനാട് ഗവ. എൻജിനീയറിങ് കോളജിലെ മൈതാനത്ത് ഹെലികോപ്‌ടർ ഇറക്കി. ജില്ലയിലെ പൊലീസ് ഓഫിസർമാരെ ഇവിടെ ഇറക്കിയ ശേഷം 12.40-ഓടെ മലപ്പുറം അരീക്കോട്ടുള്ള സ്പെഷൽ ഓപറേഷൻ ഗ്രൂപ്പിന്റെ ആസ്ഥാനത്തേക്ക് പോയി. വരുംദിവസങ്ങളിലും നിരീക്ഷണത്തിനായി ഹെലികോപ്‌ടറെത്തും.
ഒന്നേമുക്കാൽ മണിക്കൂറോളമാണ് ഹെലികോപ്‌ടർ ഉപയോഗിച്ച് തിരച്ചിൽ നടത്തിയത്. ചിലയിടങ്ങളിലെ ഇടതൂര്‍ന്ന വനം മേഖല തിരച്ചിലിന് തടസ്സമായി. കമ്പമല കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരാഴ്ചയായി പൊലീസും തണ്ടര്‍ബോള്‍ട്ടും മാവോവാദികള്‍ക്കായി വ്യാപക തിരച്ചിലാണ് നടത്തുന്നത്.
ഡ്രോണ്‍ ഉപയോഗിച്ചും മറ്റും മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ തിരച്ചില്‍ നടത്തിയിരുന്നു. കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ടുള്ള തിരച്ചിലിനായി തിങ്കളാഴ്ച ഹെലികോപ്ടറെത്തിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരിച്ചു പോവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

