മാനന്തവാടി നഗരസഭ: ക്ലബ് കുന്നിലെ പരാജയം; വിവാദം പുകഞ്ഞ് സി.പി.എം
text_fieldsപ്രതീകാത്മക ചിത്രം
മാനന്തവാടി: നഗരസഭയിൽ പുതുതായി രൂപവത്കരിച്ചതും തങ്ങൾക്ക് മൃഗീയ ഭൂരിപക്ഷമുണ്ടാകുമെന്ന് കരുതിയതുമായ ക്ലബ് കുന്ന് ഡിവിഷനിലെ പരാജയത്തിൽ സി.പി.എമ്മിൽ വിവാദം പുകയുന്നു. ഒരു വിഭാഗം പ്രവർത്തകർ, നേതാക്കളാണ് തോൽവിക്ക് പിന്നിലെന്നാരോപിച്ച് സാമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെച്ചത് വലിയ ചർച്ചകൾക്കിടയാക്കിയിട്ടുണ്ട്.
ക്ലബ്കുന്ന്, ചൂട്ടക്കടവ്, എരുമത്തെരുവ്, താഴെയങ്ങാടി എന്നിവ ഉൾപ്പെടുത്തി യാണ് പുതിയ ക്ലബ് കുന്ന് ഡിവിഷൻ രൂപവത്കരിച്ചത്. സി.പി.എം ചിഹ്നത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച റജീന പടയനാണ് 34 വോട്ടുകൾക്ക് പരാജയപ്പെട്ടത്. ഇതാണിപ്പോൾ വിവാദങ്ങൾക്കിടയാക്കിയത്.
നേതാക്കൾ ഇടപ്പെട്ട് വോട്ട് മറിച്ചുവെന്ന ആരോപണമാണ് ഉയരുന്നത്. ഘടകകക്ഷിയായ സി.പി.ഐ ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സി.പി.എം നൽകാൻ തയാറായില്ല. ഇതോടെ സി.പി.ഐയും വോട്ട് മറിച്ചുവെന്ന ആരോപണം ശക്തമാക്കുന്നു. തോൽവിക്ക് പിന്നാലെയാണ് നേതാക്കൾക്കെതിരെ പരസ്യ ആരോപണവുമായി പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്. ലോക്കൽ സെക്രട്ടറിയുടെ പേര് പരാമർശിച്ചാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ.
ലോക്കൽ കമ്മിറ്റി അംഗം, തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ, കൗൺസിലർ എന്നിവരാണ് അട്ടിമറിക്ക് പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി, സി.പി.എമ്മിന്റെ ശക്തി കേന്ദ്രമായ ചൂട്ടക്കടവിൽനിന്ന് പോലും സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ലഭിച്ചില്ലെന്ന രൂക്ഷ വിമർശനമാണുയരുന്നത്.
2020ലെ തെരഞ്ഞെടുപ്പിൽ എരുമത്തെരുവ് ഡിവിഷനിൽ മുൻ ഏരിയ സെക്രട്ടറി പരാജയപ്പെട്ടതും ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. എൽ.ഡി.എഫിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന ഡിവിഷനിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച സ്ഥാനാർഥി പരാജയപ്പെട്ടത് വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിക്ക് ഇടയാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

