മാനന്തവാടി ബസ് ബേ; ഡി.പി.ആറിന് നഗരസഭ അംഗീകാരം
text_fieldsമാനന്തവാടിയിൽ നിർമിക്കുന്ന ബസ് ബേയുടെ മാതൃക
മാനന്തവാടി: അഞ്ച് പതിറ്റാണ്ടിലേക്ക് കടക്കുന്ന മാനന്തവാടിയിലെ നിലവിലുള്ള ബസ് സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചു മാറ്റി ബസ് ബേ നിർമിക്കാൻ ധാരണ. ഇതു സംബന്ധിച്ച വിശദമായ പദ്ധതി രേഖക്ക് (ഡി.പി.ആർ) നഗരസഭാ കൗൺസിൽ യോഗം അംഗീകാരം നൽകി.
ബസ് ബേ നിർമിക്കുന്നതിന് തിരുവന്തപുരം എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് നൽകിയ ക്വട്ടേഷനാണ് സ്വീകരിച്ചത്. ഇവർ സമർപ്പിച്ച ഡി.പി.ആറാണ് നഗരസഭാ ഭരണസമിതി അംഗീകരിച്ചത്. ബസ് ബേയിൽ ഒരേ സമയം ആറു ബസുകൾക്ക് നിർത്തിയിടാനുള്ള സൗകര്യമുണ്ടാവും. ഇപ്പോഴത്തെ പോലെ സ്റ്റാൻഡിലേക്ക് ബസുകൾ ഏറെസമയം നിർത്തിയിടുന്ന സംവിധാനമുണ്ടാവില്ല.
പ്രവൃത്തി നടക്കുമ്പോൾ താഴെയങ്ങാടിയിലും സമീപ പ്രദേശങ്ങളിലും ബസുകൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കും. 15 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് നിർത്തിയിടാനുള്ള സൗകര്യവും ബസ് ബേയുടെ ഭാഗമായി ഒരുക്കും. യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളുമുണ്ടാകും. കേരള റൂറൽ അർബൻ ഡെവലപ്പ്മെന്റെ കോർപറേഷനിൽ നിന്ന് വായ്പയെടുത്താണ് പ്രവൃത്തിക്കുള്ള തുക കണ്ടെത്തുന്നത്. കെട്ടിട നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
1977ൽ നിർമിച്ചതാണ് നിലവിലുള്ള നഗരസഭാ ബസ് സ്റ്റാൻഡും അനുബന്ധ കെട്ടിടങ്ങളും. യഥാസമയം അറ്റകുറ്റപ്പണികളെടുക്കാത്തതിനെ തുടർന്ന് സീലിങ് അടർന്നു വീണ സംഭവം വരെയുണ്ടായിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്താനുള്ള ക്ഷമത കെട്ടിടത്തിനില്ലെന്ന് നഗരസഭ അസി എൻജിനീയർ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള ബസ് സ്റ്റാൻഡ് പൊളിച്ചു പണിയാൻ തീരുമാനിച്ചത്.
ഒരു വർഷം മുമ്പേ ഇതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. നിലവിലുള്ള ഭരണസമിതി കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ പ്രവൃത്തി തുടങ്ങാനുള്ള ശ്രമവുമായി മുന്നോട്ടു പോയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ നിർത്തിവെക്കേണ്ടി വന്നു. സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്ന മുറക്ക് പഴയ കെട്ടിടം പൊളിച്ച് മാറ്റും. ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

