മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നു
text_fieldsമാനന്തവാടി ബസ് സ്റ്റാൻഡ് (ഫയൽചിത്രം)
മാനന്തവാടി: മാനന്തവാടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കാൻ തീരുമാനമായി. കടമുറികൾ ഏപ്രിൽ 30ന് മുമ്പ് പൂർണമായി ഒഴിയാൻ നഗരസഭ നിർദേശം നൽകി. ജില്ലദുരന്ത നിവാരണ അതോറിറ്റി ചെയർമാനും വയനാട് ജില്ല കലക്ടറുമായ ഡി.ആർ. മേഘശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 ആഗസ്റ്റ് 14ന് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലദുരന്ത നിവാരണ അതോറിറ്റി നഗരസഭക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനാൽ വീണ്ടും നിയമപരമായ മുന്നറിയിപ്പ് നൽകിയതിനാലാണ് നഗരസഭ അടിയന്തര യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ എടുത്ത തീരുമാന പ്രകാരം മാനന്തവാടി നഗരസഭയുടെ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കുകയായിരുന്നു. കെട്ടിടത്തിനുള്ളിലെ കടമുറികളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ 30നകം പൂർണമായി ഒഴിഞ്ഞുകൊടുക്കണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.
14 മാസം മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും ലൈസൻസ് പുതുക്കി നൽകിയിരുന്നില്ലെന്നും വാടക സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി. കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെണ്ടർ നടപടികൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ബസ് സർവിസുകൾക്കായി നഗരസഭ ബദൽ സംവിധാനം ഒരുക്കുമെന്നും ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.വി. ജോർജ്, പി.വി.എസ്. മൂസ, കൗൺസിലർമാരായ സി. കുഞ്ഞബ്ദുള്ള, വിയു ജോയ്, പി.കെ. ഹംസ, ജോണി, സജ്ന ടീച്ചർ, മുനിസിപ്പൽ സെക്രട്ടറി അനില് രാമകൃഷ്ണൻ, അസിസ്റ്റൻറ് സെക്രട്ടറി രമ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

