നാടിനൊപ്പം സാന്ത്വനമായി മന്ത്രി
text_fieldsമാനന്തവാടി കണ്ണോത്തുമലയിൽ അപകടം നടന്ന സ്ഥലം മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദർശിക്കുന്നു
മാനന്തവാടി: അമ്മമാരെ നഷ്ടപ്പെട്ട മക്കിമല ദുരന്തഭൂമിയിൽ ബന്ധുക്കളെയും നാടിനെയും ആശ്വസിപ്പിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. വെള്ളിയാഴ്ച വൈകീട്ട് ദുരന്ത വാർത്തയറിഞ്ഞ് ജില്ലയുടെ ചുമതലയുള്ള മന്ത്രി മാനന്തവാടിയിലേക്ക് തിരിക്കുകയായിരുന്നു. വയനാട് മെഡിക്കൽ കോളജിലെത്തിയ മന്ത്രി പരിക്കേറ്റവരെ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൂടുതൽ ചികിത്സ വേണ്ടി വന്നവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നിർദേശം നൽകി. ജില്ല കലക്ടർ ഡോ. രേണു രാജിനോട് അപകടം സംബന്ധിച്ച റിപ്പോർട്ട് നൽകാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൃതദേഹ സംസ്കാര നടപടികൾക്കായി അടിയന്തരമായി പതിനായിരം രൂപ വീതം അനുവദിക്കാനും നിർദേശം നൽകി.
ദുരന്തത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. മാനന്തവാടിയിലെയും സമീപ പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒമാരെ ഇതിനായി നിയോഗിച്ചു. മൃതദേഹങ്ങൾ മക്കിമല സ്കൂളിൽ പൊതുദർശനത്തിനായി എത്തിച്ചതോടെ മന്ത്രി സംസ്ഥാന സർക്കാറിന് വേണ്ടി റീത്ത് സമർപ്പിച്ചു. തുടർന്ന് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നടപടികളും ഏകോപിച്ചാണ് ഉച്ചതിരിഞ്ഞ് മന്ത്രി മക്കിമലയിൽ നിന്നും മടങ്ങിയത്.
മ്യൂസിയം പുരാവസ്തു പ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും വെള്ളിയാഴ്ച രാത്രിയിൽ വയനാട് മെഡിക്കൽ കോളജിലെത്തി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നു. ഒ.ആർ.കേളു എം.എൽ.എ, എ.ഡി.എം എൻ.ഐ. ഷാജു, സബ് കലക്ടർ ആർ. ശ്രീലക്ഷ്മി തുടങ്ങിയവർ നടപടി ഏകോപ്പിക്കുന്നതിനായി കർമ്മനിരതരായി മുന്നിൽ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

