വിവാദ ആഴ്ചച്ചന്ത കെട്ടിടത്തില്‍ ‘ഓട്ടയടപ്പ്’ പ്രവൃത്തികള്‍
text_fieldsവള്ളിയൂർക്കാവ് ആഴ് ചച്ചന്ത കെട്ടിടത്തിലെ വിള്ളൽ
മാനന്തവാടി: നാലരക്കോടി രൂപ ചെലവില്‍ ടൂറിസം വകുപ്പ് വള്ളിയൂര്‍ക്കാവില്‍ നിര്‍മിച്ച ആഴ്ചച്ചന്ത കെട്ടിടങ്ങള്‍ക്ക് തകരാറൊന്നുമില്ലെന്ന് വകുപ്പ് മേലധികാരികള്‍ വിവരാകാശ രേഖയില്‍ വ്യക്തമാക്കുമ്പോഴും ഓട്ടയടപ്പും അറ്റകുറ്റപ്പണിയും തകൃതി. ജനുവരി 31ന് ടൂറിസം വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ കെട്ടിടത്തിന് തകരാറുള്ളതായി ശ്രദ്ധയില്‍പെട്ടിട്ടില്ല എന്നായിരുന്നു ഉത്തരം. എന്നാല്‍, സര്‍ക്കാര്‍ കെട്ടിടത്തില്‍ ആരുടെ നിദേശപ്രകാരമാണ് പ്രവൃത്തികള്‍ നടത്തുന്നതെന്നതിന് ഉത്തരവാദപ്പെട്ടവര്ക്കൊന്നും കൃത്യമായ മറുപടിയില്ല.
2021ല്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വള്ളിയൂര്‍ക്കാവിലെ ദേവസ്വം വക ഭൂമിയിലെ കെട്ടിടത്തിന് നാളിതുവരെയായിട്ടും നഗരസഭ നമ്പര്‍ പോലും നല്‍കിയിട്ടില്ല. അത്രയേറെ പോരായ്മകളാണ് വിവാദമായ ഈ കെട്ടിടത്തിനുള്ളത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകംതന്നെ കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും പൊട്ടലുകളും വിള്ളലുകളും രൂപപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ ഉറപ്പിനെ ബാധിക്കുന്ന വിധത്തിലാണ് തൂണുകളിലുൾപ്പടെ വിള്ളല്‍. വേണ്ടത്ര സാങ്കേതിക പരിഗണനകള്‍ നല്‍കാതെ വയലില്‍ നിര്‍മിച്ചതിനാലാണ് നാള്‍ക്കുനാള്‍ കെട്ടിടം അപകടാവസ്ഥയിലേക്ക് പോവുന്നതെന്നായിരുന്നു ആരോപണം.
ഏത് വിധേനയും നമ്പര്‍ ലഭിക്കാനായി തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ ഉന്നതതലത്തില്‍ നടക്കുന്നതിനിടെയിലാണ് ഒരു മാസത്തോളമായി കെട്ടിടത്തിന്റെ പലഭാഗത്തും ഓട്ടയടപ്പ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. സിമന്റും മണലും കൂട്ടി വിള്ളല്‍ രൂപപ്പെട്ട ഭാഗങ്ങളില്‍ തേച്ചൊട്ടിച്ച ശേഷം, ഇത് തിരിച്ചറിയാതിരിക്കാൻ സിമന്റ് കലക്കി റിപ്പയര്‍ ചെയ്ത ഭാഗങ്ങളില്‍ പൂശിയിരിക്കുകയാണ്. തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തിയ ഉടനെതന്നെ കെട്ടിട നിര്‍മാണ ചുമതല ഏൽപിച്ച സര്‍ക്കാര്‍ ഏജന്സികൂടിയായ കേരള ഇലക്ട്രിക്കല്‍ അലൈഡ് എന്‍ജിനീയറിങ് കമ്പനിക്ക് നാലരക്കോടി രൂപയും നല്‍കിയതായി വിവരാവകാശ രേഖയില്‍ ടൂറിസം ഡയറക്ടറുടെ കാര്യാലയം അറിയിക്കുന്നുണ്ട്. എന്നാൽ, കെട്ടിടത്തിനുള്ള അപാകതകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന്, ഇത്തരത്തില്‍ യാതൊരു പരാതിയും ലഭിച്ചില്ലെന്നാണ് പ്രതികരണം.
നിരവധിപേര്‍ കയറിയിറങ്ങേണ്ട ആഴ്ചച്ചന്ത നടത്താനായി നിര്‍മിച്ച കെട്ടിടത്തിന്റെ ബലത്തെ ബാധിക്കുന്നതരത്തിലുള്ള അപാകതയാണ് ഉത്തരവാദപ്പെട്ടവരൊന്നും അറിയാതെ കൈകാര്യം ചെയ്തിരിക്കുന്നത്. ടൂറിസം വകുപ്പോ കെട്ടിത്തിന്റെ കൈകാര്യകര്‍ത്താക്കളായ ദേവസ്വം വകുപ്പോ അറിയാതെ നടത്തിയ ഓട്ടയടക്കല്‍ ഗുണത്തേക്കാളേറെ ദോഷം വരുത്തിവെക്കുമെന്നാണ് പരാതി ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

