ചന്ദനത്തോടിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
text_fieldsമാനന്തവാടി: ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മാനന്തവാടി^ തലശ്ശേരി റോഡിൽ പേര്യ ചന്ദനത്തോട് പ്രദേശത്താണ് ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്. പരിക്കേറ്റ ലോറി ഡ്രൈവർ ഇരിട്ടി സ്വദേശിയായ വിജീഷിനെ (27) വിൻസെൻറ് ഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് അപകടം. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് പഴവർഗങ്ങൾ കയറ്റിവന്ന ലോറിയാണ് അപകടത്തിൽപെട്ടത്. അരമണിക്കൂറോളം ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വളരെ പ്രയാസപ്പെട്ടാണ് നാട്ടുകാരും മറ്റ് ലോറി ഡ്രൈവർമാരും ചേർന്ന് രക്ഷപ്പെടുത്തിയത്.
ഇദ്ദേഹത്തിന് ശരീരം മുഴുവൻ വലിയ തോതിൽ ചതവുണ്ട്. മാസങ്ങൾക്കു മുമ്പ് ചന്ദനത്തോട് വട്ടപ്പൊയിലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈ റോഡിലെ 28ാം മൈലിലും രണ്ട് മാസം മുമ്പ് ബാറ്ററികൾ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇതിനകം ഒട്ടേറെ വാഹനാപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. റോഡിന് വീതികുറഞ്ഞതും വളവുകളും സുരക്ഷ മതിലുകൾ ഇല്ലാത്തതും കാരണമാണ് ഈ ഭാഗങ്ങളിൽ തുടർച്ചയായി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

